അടുത്ത വര്‍ഷത്തെ ലോകകപ്പ് ടീമില്‍ ഇവരില്ലെങ്കിലും രാഹാനെ ഉറപ്പാണെന്ന് തുറന്നുപറഞ്ഞ് വിരാട് കോലി
ഡര്‍ബന്‍: അടുത്തവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ ഏതൊക്കെ താരങ്ങലിടം പിടിക്കുമെന്നതിനെക്കുറിച്ച് സൂചന നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ബാറ്റിംഗ് ഓര്‍ഡറിലെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് അജിങ്ക്യാ രഹാനെയെയാണ് പരിഗണിക്കുന്നതെന്ന് കോലി വ്യക്തമാക്കി. നാലാം നമ്പറില്‍ നിരവധിപേരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഒരാള്‍ക്കും ഇതുവരെ സ്ഥിര സാന്നിധ്യമാകാനാത്ത സാഹചര്യത്തിലാണ് കോലിയുടെ പ്രഖ്യാപനം. ലോകകപ്പിനുള്ള ടീമിന്റെ ഘടനയെക്കുറിച്ച് ഏകദേശരൂപമായെന്നും നാലാം നമ്പര്‍ സ്ഥാനം മാത്രമെ ഇനി പരിഹരിക്കാനുള്ളൂവെന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയുടെ തലേന്ന് മാധ്യമങ്ങളോടായി കോലി പറഞ്ഞു.
ലോകകപ്പിന് മുമ്പ് ഇനി അധികം ഏകദിന മത്സരങ്ങളൊന്നുമില്ലാത്തതിനാല്‍ എല്ലാ സാധ്യതകളും പരീക്ഷിക്കുമെന്നും കോലി വ്യക്തമാക്കി.രഹാനെയെ മൂന്നാം ഓപ്പണറായാണ് ഇതുവരെ പരിഗണിച്ചിരുന്നതെങ്കിലും 2015 ലോകകപ്പില്‍ രഹാനെ നാലാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ളതിനാല്‍ അദ്ദേഹത്തെ ആ സ്ഥാനത്തേക്കും പരിഗണിക്കുമെന്നും കോലി പറഞ്ഞു.ബാറ്റിംഗ് നിരയിലെ മറ്റ് സ്ഥാനങ്ങളെക്കുറിച്ച് ഏറെക്കുറെ തീരുമാനമായെന്നും കോലി വ്യക്തമാക്കി.