മുന്നണി പ്രവേശനം വൈകിപ്പിക്കുന്നതില്‍ അതൃപ്തി പരസ്യമാക്കി ബാലകൃഷ്ണ പിള്ള; ഇടതില്‍ പടിക്കുപുറത്ത് നില്‍ക്കാന്‍ വയ്യ
കൊല്ലം:മുന്നണി പ്രവേശനം വൈകുന്നതില്‍ അതൃപ്തിഅറിയിച്ച് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണ പിള്ള രംഗത്ത്.ഒരു മുന്നണിയിലും പിന്‍താങ്ങി മാത്രം നില്‍ക്കുക എന്നതു കേരള കോണ്‍ഗ്രസ് ബിക്കു പതിവുള്ളതല്ല. പ്രശ്‌നം പരിഹരിച്ചാലേ പ്രവര്‍ത്തകരെ സജീവമായി രംഗത്തിറക്കാന്‍ പറ്റൂ എന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പു അടുത്ത് വരികെ മുന്നണി പ്രവേശനത്തെപ്പറ്റി സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകാത്ത സാഹചര്യത്തിലാണ് ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രതികരണം. ‘പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ മാനസിക പ്രയാസമുണ്ട്. ഇത് എത്രയും വേഗം മുന്നണി പരിഹരിക്കുമെന്നാണു വിശ്വാസം.’ അദ്ദേഹം പറഞ്ഞു.
സിപിഐ കഴിഞ്ഞാല്‍ ഇടതുപക്ഷത്തു ജനങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടി കേരള കോണ്‍ഗ്രസ് ബിയാണെന്നു ബാലകൃഷ്ണപിള്ള പറഞ്ഞു. എന്തു ധാരണയിലാണു യുഡിഎഫ് വിട്ടതെന്നും പിള്ള തുറന്നു പറഞ്ഞു. മുന്നണിയില്‍ എടുക്കാമെന്ന ധാരണയിലാണു യുഡിഎഫ് വിട്ടത്.നിലവില്‍ രണ്ടു മൂന്ന് സീറ്റുകളില്‍ എല്‍ഡിഎഫിന്റെ ജയം ഉറപ്പാക്കാന്‍ തങ്ങള്‍ക്കാകുമെന്നും പിള്ള അവകാശപ്പെട്ടു.
കെ.എം. മാണിയും കേരള കോണ്‍ഗ്രസ് എമ്മും ഇടതുമുന്നണിയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കെയാണു ബാലകൃഷ്ണപിള്ള മുന്നണി പ്രവേശനത്തിന്റെ ആവശ്യകത ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്.