നാലാം അണ്ടര്‍-19 ലോകകപ്പ് കിരീടം നേടി ഇന്ത്യയുടെ ചുണക്കുട്ടികള്‍;ഫൈനലില്‍ ഓസീസിനെ തകര്‍ത്തത് 8 വിക്കറ്റിന്
മൗണ്ട് മൗഗ്നൂയി (ന്യൂസീലന്‍ഡ്):നാലാം അണ്ടര്‍ -19 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ യുവനിര.ഫൈനലില്‍ ശക്തരായ ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യന്‍ യുവനിര തങ്ങളുടെ നാലാം കിരീടം സ്വന്തമാക്കിയത്.ഇതോടെ ഏറ്റവും കൂടുതല്‍ തവണ ലോകക്കപ്പ് കിരീടം നേടുന്ന രാജ്യമായി ഇന്ത്യ മാറി.
സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഓപ്പണര്‍ മന്‍ജോതിന്റെ(101*) തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച ജയം നേടിക്കൊടുത്തത്.വിക്കറ്റ് കീപ്പര്‍ ഹര്‍ദിക് ദേശായി(47*) മന്‍ജോതിനു മികച്ച പിന്തുണ നല്‍കി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത 47.2 ഓവറില്‍ ഓസ്‌ട്രേലിയ 216 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. അഞ്ചു റണ്‍സെടുക്കുന്നതിനിടെയാണ് ഓസീസിന്റെ അവസാന നാല് വിക്കറ്റുകള്‍ നഷ്ടമായത്.
41.3 ഓവറില്‍ ആറു വിക്കറ്റിന് 191 റണ്‍സെന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ പിന്നീട് കൂട്ട തകര്‍ച്ചയിലേക്ക് വീണു. ഓസീസിന്റെ വാലറ്റത്തിനെ ശക്തമായ ബൗളിങ്ങിലൂടെ ചുരുട്ടിക്കെട്ടിയ ഇന്ത്യന്‍ ബൗളര്‍ മികച്ച സ്‌കോര്‍ എന്ന ഓസിസ് പ്രതീക്ഷയെ എറിഞ്ഞിട്ടു.രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ പോറെല്‍, ശിവ സിങ്ങ്, നാഗര്‍കോട്ടി, റോയ് എന്നിവരുടെ ബൗളിങ്ങാണ് ഔസീസിന്റെ ബാറ്റിങ് നട്ടെല്ലൊടിച്ചത്. 102 പന്തില്‍ 76 റണ്‍സെടുത്ത ജൊനാഥാന്‍ മെര്‍ലോ മാത്രമാണ് പിടിച്ചുനിന്നത്.
ഇടക്ക് മഴ ആവേശം കുറച്ചെങ്കിലും മികച്ച ഷോട്ടുകളിലൂടെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ മത്സരത്തെ തിരിച്ചിപിടിക്കുകയായിരുന്നു.ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ പൃഥ്വി ഷായും മന്‍ജോത് കര്‍ളയും മികച്ച തുടക്കമാണ് നല്‍കിയത്. കൗമാര ലോകകപ്പില്‍ നാലാം കിരീടമാണ് രാഹുല്‍ ദ്രാവിഡിന്റെ ശിഷ്യന്‍മാര്‍ സ്വന്തമാക്കിയത്.വിരാട് കോലി, മുഹമ്മദ് കൈഫ്, ഉന്മുക്ത് ചന്ദ് എന്നിവരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ മുമ്പ് കിരീടം നേടിയിരുന്നു.