ശശീന്ദ്രനെതിരെ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത് തോമസ് ചാണ്ടിയുടെ പി.എയുടെ സഹായി
തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ കോടതിയില്‍ ഹര്‍ജിയുമായി എത്തിയ മഹാലക്ഷ്മി മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ തോമസ് ചാണ്ടി വീട്ടിലെ സഹായിയായിരുന്നു എന്ന് വെളിപ്പെടുത്തല്‍. ഇപ്പോള്‍ തോമസ് ചാണ്ടിയുടെ പിഎ ആയ ബിവി ശ്രീകുമാറിന്റെ വീട്ടില്‍ കുട്ടികളെ നോക്കുന്ന ജോലിയാണെന്ന് മഹാലക്ഷ്മി തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. പരാതിക്കാരിയുടെ വിലാസം വ്യാജമാണെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിവാദവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്ക് ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല.
ഫോണ്‍വിളി കേസില്‍ വിധി പറയാനിരിക്കെയായിരുന്നു മഹാലക്ഷ്മി നാടകീയമായി കേസ് തള്ളരുതെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളി, പിന്നാലെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞയുടെ തലേ ദിവസം മഹാലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചു. പരാതിയില്‍ പറഞ്ഞ തൈക്കാട് ബാപ്പുജി നഗറിലെ മേല്‍വിലാസത്തില്‍ അവര്‍ ഇപ്പോള്‍ താമസിക്കുന്നില്ല. വിലാസം വ്യാജമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസ് തള്ളാനിടയായ സാഹചര്യത്തോടൊപ്പം മഹാലക്ഷ്മിയെ കുറിച്ചുള്ള വിവരവും നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. മഹാലക്ഷ്മി ഇപ്പോള്‍ വാടകക്ക് താമസിക്കുന്നത് തിരുവനന്തപുരം കാഞ്ഞിരംപാറ കാടുവെട്ടി ലൈനില്‍. ഇലിപ്പോടുള്ള ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ്. മോട്ടാര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടറായിരുന്ന ശ്രീകുമാര്‍ ചാണ്ടി മന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ചാണ്ടിയുടെ പി.എ. ആണ് ഇയാള്‍. കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കേസ് നീട്ടിക്കൊണ്ടു പോകുന്നതിനായി വീണ്ടും ഹര്‍ജികള്‍ കോടതിയിലെത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ശശീന്ദ്രന്‍ തന്നെ ആരോപിച്ചിരുന്നു. അതേസമയം പാര്‍ട്ടിക്കുള്ളില്‍ നിന്നും തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടില്ലെന്ന നിലപാടിലാണ് അദ്ധേഹം ഇപ്പോഴും.