പത്മാവത് സമരം പിന്‍വലിച്ചിട്ടില്ല എന്ന് ഒരു കര്‍ണ്ണിസേന ; നിലവിലുള്ളത് എട്ടിലേറെ കര്ണ്ണിസേനകള്
പത്മാവത് സിനിമയ്ക്കെതിരെയുള്ള സമരത്തില്‍ നിന്നും കര്‍ണിസേന പിന്‍വാങ്ങുന്നുവെന്നത് തെറ്റായ പ്രചാരണമാണ് എന്നും സിനിമയ്ക്കെതിരെ കര്‍ണിസേന നടത്തുന്ന സമരം പിന്‍വലിച്ചിട്ടില്ലെന്നും കര്ണസിനേ നേതാവ് ലോകേന്ദ്രസിങ് കല്‍വി. രാജസ്ഥാനില്‍ ബി.ജെ.പിക്കേറ്റ പരാജയം രജ്പുത് വംശജരുടെ വികാരങ്ങളെ മാനിക്കാത്തതിനുള്ള മറുപടിയാണെന്നും സമരം ഇനിയും തുടരുമെന്നും കല്‍വി ചൂണ്ടിക്കാട്ടി. പലതരം കര്‍ണിസേനകള്‍ ഉണ്ടായിവരികയാണ്. ഇപ്പോള്‍ത്തന്നെ എട്ട് സംഘടനകളെങ്കിലും ഈ പേരില്‍ നിലവിലുണ്ട്. ഇതെല്ലാം വ്യാജമാണ് എന്നും യഥാര്‍ഥ സംഘടന ശ്രീ രജ്പുത് കര്‍ണിസേനയാണെന്നും ആ സംഘടന സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും കല്‍വി മാധ്യമങ്ങളോട് പ്രതികരിച്ചു.
ചില നിക്ഷിപ്ത താല്പര്യങ്ങളാണ് ഇവയെ നയിക്കുന്നത്. ഇവര്‍ അനാവശ്യ വിവാദങ്ങളും പ്രസ്താവനകളും ഇറക്കുന്നുണ്ട്. വരും കാലങ്ങളില്‍ സംസ്ഥാനത്ത് ‘പദ്മാവത്’ പല കാര്യങ്ങളും നിശ്ചയിക്കുമെന്നും രജ്പുത് വംശജരുടെ വികാരങ്ങളെ മാനിക്കാത്ത ബി.ജെ.പിയെ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയെന്നത് ഞങ്ങളുടെ ലക്ഷ്യമായിരുന്നു. അത് പാലിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാജ് പുത്തുകളുടെ വികാരത്തെ വൃണപ്പെടുത്തുന്ന യാതൊന്നും പദ്മാവതില്‍ ഇല്ലായെന്നും അതുകൊണ്ടു തന്നെ തങ്ങള്‍ ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നും കര്‍ണി സേന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചില പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച പദ്മാവത് കാണുകയുണ്ടായി, ചിത്രം രാജ് പുതുകളുടെ ത്യാഗത്തെയും ശൗര്യത്തെയും പ്രകീര്‍ത്തിക്കുന്നു, ഓരോ രാജ് പുത്തുകളും ചിത്രം കാണണമെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്. രാജസ്ഥാന്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണാധികാരികളുമായി ചേര്‍ന്ന് ഈ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള എല്ലാ സഹകരണവും നല്‍കുമെന്നാണ് കര്‍ണിസേന പറഞ്ഞിരുന്നത്.എന്നാല്‍ അവരല്ല യഥാര്‍ത്ഥ കര്‍ണ്ണി സേന എന്നും പറഞ്ഞാണ് മറ്റൊരു കൂട്ടര് രംഗത്ത് വന്നിരിക്കുന്നത്.