ഫെഫ്ക്കയുടെ നേത്രുത്വത്തില്‍ മലയാളസിനിമയില്‍ ഒരു വനിതാ സംഘടനകൂടി
കൊച്ചി : സംഘടനകള്‍ക്ക് പഞ്ഞമില്ലാത്ത മലയാള സിനിമലോകത്ത് ഒരു സംഘടനകൂടി നിലവില്‍ വന്നു. സംവിധായകരുടെ സംഘടനായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മ നിലവില്‍ വന്നിരിക്കുന്നത്. രണ്ടു വര്‍ഷമായി ഫെഫ്ക വനിതാ കൂട്ടായ്മയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അതിലേക്കുള്ള ആദ്യ പടിയാണ് ഇന്ന് നടന്ന സംഗമമെന്നും കോര്‍ കമ്മിറ്റിയില്‍ അംഗമായ എം.ആര്‍.ജയഗീത പറയുന്നു. നടിമാര്‍ മാത്രമല്ല സിനിമയിലെ എല്ലാ മേഖലയിലും ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടുന്നതാകും പുതിയ സംഘടന. ഫെഫ്കയില്‍ സ്ത്രീകളും പുരുഷന്‍മാരുമുണ്ട്. എന്നാല്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനുമാണ് വനിതകളുടെ പ്രത്യേക വിഭാഗം ഉണ്ടാക്കുന്നത്.
അതുപോലെ നിലവിലുള്ള ഒരു സംഘടനയ്ക്കും എതിരായല്ല ഈ സംഘടന എന്നും എല്ലാ വനിതാ സംഘടനകളില്‍ ഉള്ളവരും ഈ സംഘടനയില്‍ കാണുമെന്നും . ഡബ്ല്യൂസിസി ഉണ്ടെങ്കിലും ഫെഫ്കയുടെ നേതൃത്വത്തിലുള്ള സംഘടനയാണിത് എന്നും പറയപ്പെടുന്നു. മാന്യമായ തൊഴില്‍ സാഹചര്യത്തിന്റെ അഭാവം, പ്രതിഫല തര്‍ക്കം, ലിംഗ വിവേചനം, ലൈംഗിക ചൂഷണം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേരിടേണ്ടിവരുന്നുണ്ട്. ഇനി ഇത്തരം പ്രശ്‌നങ്ങളില്‍ ഫെഫ്ക ഇടപെടുന്നത് ഈ കോര്‍ കമ്മിറ്റി വഴിയായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ ഒന്‍പത് പേരുടെ കോര്‍ കമ്മിറ്റിയും നിലവില്‍ വന്നു.