തളത്തില്‍ ദിനേശന്‍ വീണ്ടും എത്തുന്നു ; ഇത്തവണ ദിനേശന്‍ നിവിന്‍ പോളി ; ശോഭയാകുന്നത് നയന്‍ താരയും

വടക്കുനോക്കി യന്ത്രം എന്ന സിനിമ മലയാളികള്‍ അത്രപെട്ടന്ന് മറക്കുന്ന ഒന്നല്ല. അതുപോലെതന്നെ അതിലെ നായക കഥാപാത്രത്തിന്‍റെ പേരും ആരും മറക്കാന്‍ ഇടയില്ല. തളത്തില്‍ ദിനേശന്‍ എന്ന നായകകഥാപാത്രം സത്യത്തില്‍ നമ്മളില്‍ പലരുടെയും നേര്‍രൂപം ആയിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസന്റെ മികച്ച സിനിമകളിലൊന്നായിരുന്നു വടക്ക് നോക്കിയന്ത്രം. ആ കഥാപാത്രത്തിനെ ശ്രീനിവാസന്‍ അവതരിപ്പിച്ച രീതിയും ഏവരുടെയും മനസില്‍ ഇപ്പോഴും ഉണ്ടുതാനും. കാലങ്ങള്‍ കഴിഞ്ഞിട്ടും തളത്തില്‍ ദിനേശന്‍ വീണ്ടുമെത്തുന്നുവെന്ന പുതിയ വാര്‍ത്തയാണ് പ്രേക്ഷകര്‍ക്കായി സിനിമാ ലോകത്ത് നിന്നും ഇപ്പോള്‍ വരുന്നത്.

നിവിന്‍ പോളിയാണ് ഇത്തവണ തളത്തില്‍ ദിനേശനായി എത്തുന്നത്. നയന്‍താരയാണ് ശോഭയായി എത്തുന്നത്. നേരത്തെ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുമെന്നറിയിച്ചിരുന്ന ചിത്രം ‘ലവ്, ആക്ഷന്‍, ഡ്രാമ’യിലേതാണ് ദിനേശന്‍ എന്ന കഥാപാത്രം. ശോഭയായിട്ടാണ് നയന്‍സ് ചിത്രത്തിലെത്തുന്നത്. അച്ഛന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ധ്യാന്‍ തന്റെ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. നിലവില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ തിരക്കിലാണിപ്പോള്‍ താരം. ഇതിന് ശേഷമായിരിക്കും തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രവുമായി നിവിന്‍ എത്തുന്നതെന്ന് നടന്‍ അജു വര്‍ഗീസാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.