മകന്റെ ദയാവധത്തിനായി ദില്ലിയില്‍

അഞ്ചു വയസ്സുകാരന്‍ ഡാനിക്ക് കാഴ്ചയും സംസാരശേഷിയും ഇല്ല, നിവര്‍ന്നിരിക്കാനോ നില്‍ക്കാനോ നടക്കാനോ പോലും ഈ കുട്ടിക്ക് കഴിയില്ല. എല്ലാ ശബ്ദവും കേള്‍ക്കാന്‍ കഴിയും എന്നാല്‍ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ അവന്‍ അസ്വസ്ഥനാകുകയും പേടിച്ച് അലറി വിളിക്കുകയും ചെയ്യും. ദിവസവേതന ജോലിക്കാരനാണ് ഡാനിയുടെ പിതാവ് ഡെന്നിസ്. ചികിത്സാ പിഴവുമൂലം വൈകല്യം സംഭവിച്ചു അഞ്ചു വയസ്സുകാരനായ മകന് ദയാവശ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് തൃശ്ശൂരില്‍ നിന്നുള്ള തമിഴ് കുടുംബം ഡല്‍ഹിയില്‍ എത്തിയത്.

ചികിത്സയുടെ എല്ലാ വഴികളും അടഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ ഈ ആവശ്യവുമായി ദില്ലിയില്‍ എത്തിയത്. നീതി തേടി കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഓഫീസിലെത്തിയ കുടുംബത്തെ അധികൃതര്‍ തിരിച്ചയച്ചു. കൊടുംതണുപ്പിലും ദില്ലിയില്‍ തുടരുകയാണ് ഈ കുടുംബം. നീതി തേടി തമിഴ് നാട്ടില്‍ നിന്നുള്ള കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ കണ്ടപ്പോള്‍ കുട്ടിയെ മടിയില്‍ ഇരുത്തി ഫോട്ടോ എടുത്തു പറഞ്ഞയച്ചു എന്നാണ് ഡെന്നിസ് പറയുന്നത്. ഒന്നരവയസുള്ള ഒരു പെണ്‍കുഞ്ഞു കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്.

പണമില്ലാത്തതിനും അപ്പുറം മകന്‍ അനുഭവിക്കുന്ന ദാരുണമായ അവസ്ഥയിലാണ് മാതാപിതാക്കളുടെ വിഷമം. ഡോക്ടര്‍ മാരുടെ അനാസ്ഥമൂലമാണ് തന്റെ മകന് ഇങ്ങനെ വന്നത്. ‘ചികിത്സാപ്പിഴവ് ചെയ്തവര്‍ ഇപ്പോഴും സുഖിച്ചു കഴിയുന്നു, തന്റെ മകന് നീതി ലഭിക്കണം, പിഴ ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, ഈ സ്ഥിതിയിലിട്ട് അവനെ ബുദ്ദിമുട്ടിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല.’

നിര്‍മ്മാണ തൊഴിലാളിയായ ഡെന്നിസ് മകന്റെ ചികിത്സയ്ക്ക് കടം വാങ്ങിയും മറ്റും ഇതിനകം തന്നെ താങ്ങാവുന്നതിലും ആപ്പുറമുള്ള തുക ചിലവാക്കി കഴിഞ്ഞു. എന്നിട്ടും കുട്ടിയുടെ അവസ്ഥയില്‍ യാതൊരു മാറ്റവും ഇല്ലെന്നുമാത്രമല്ല ദിനംപ്രതി വഷളാകുകയുമാണ്. നിത്യ ചിലവിനുള്ളതിനും ആരെയും ആശ്രയിക്കാനില്ലാതെ ദുരിതത്തിലാണ് ഈ കുടുംബം.