വിവാഹം കഴിക്കുന്നതിനു മുന്‍പ് യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ കഴുത്തറുത്ത് കൊന്നു

ന്യൂഡല്‍ഹി:കാമുകനായ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുത്തിക്കൊലപ്പെടുത്തി. 23കാരനായ ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാവാത്ത സഹോദരനെ പോലീസ് അന്വേഷിചുവരികയാണ്.

ഡല്‍ഹി നഗരത്തില്‍ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.ഫോട്ടോഗ്രാഫറായി ജോലി നോക്കിയിരുന്ന അങ്കിത് 20 കാരിയായ യുവതിയുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്നേഹത്തിലായിരുന്നു.ഇരുവരും വ്യത്യസ്ത സമുദായത്തില്‍ പെട്ടവരായതിനാല്‍ യുവതിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു.

വെള്ളിയാഴ്ച്ച രാത്രി 9 മണിക്ക് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും കൂടിച്ചേര്‍ന്ന് അങ്കിതിനെ നടുറോഡിലിട്ട് തല്ലിച്ചതയ്ക്കുകയും കത്തി കൊണ്ട് കഴുത്തില്‍ കുത്തുകയുമായിരുന്നു.

തങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെന്നും ഇതിനായി പരസ്പരം കാണാന്‍ തീരുമാനിച്ചതിനിടെയാണ് യുവാവ് മരണപ്പെടുന്നതെന്നും പെണ്‍കുട്ടി പറയുന്നു .

‘ഞാനും അങ്കിതും കാണാനിരിക്കുകയായിരുന്നു.അതിനിടയ്ക്കാണ് അവന് കുത്തേറ്റത്.ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായാണ് കണ്ടമുട്ടാന്‍ തീരുമാനിച്ചത്’, യുവതി പറയുന്നു.

മകനെ റോഡിലിട്ട് തല്ലിച്ചതയ്ക്കുന്ന വിവരം കേട്ടാണ് അമ്മ കമലേഷ് ഓടിയെത്തുന്നത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് ഈ സമയം അങ്കിതിനെ പൊതിരെ തല്ലുകയായിരുന്നു. തടയാന്‍ ശ്രമിച്ച കമലേഷിനെ പെണ്‍കുട്ടിയുടെ അമ്മ തടഞ്ഞു വെച്ച് മര്‍ദ്ദിച്ചു. അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ അങ്കിത് ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അമ്മയുടെ മുന്നിലിട്ടാണ് അങ്കിന്റെ കഴുത്തറുത്ത് അക്രമികള്‍ കൊലപ്പെടുത്തുന്നത്.

രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെയും വാരിയെടുത്ത് സഹായത്തിന് അപേക്ഷിച്ചെങ്കിലും വഴിപോക്കര്‍ ഫോട്ടോയെടുക്കുകയല്ലാതെ ആരും സഹായിച്ചില്ലെന്നും പോലീസിനെപോലും വിവരം അറിയിച്ചില്ലെന്നും അങ്കിതിന്റെ അമ്മയും അച്ഛനും പരാതിപ്പെടുന്നു. കയ്യിലുള്ള തുണികൊണ്ട് കഴുത്ത് മുറുക്കി കെട്ടി മകനെ ആശുപത്രിയിലെത്തിക്കാന്‍ അമ്മ കമലേഷ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടുറോഡില്‍ രക്തം വാര്‍ന്ന് അങ്കിത് മരിക്കുകയായിരുന്നു.