ഷെറിനെ ദത്തെടുക്കാന്‍ സഹായിച്ച യുഎസ് ഏജന്‍സിക്കു ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍, യുഎസിലെ ദത്തെടുക്കല്‍ ഏജന്‍സിക്കു കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.
ബിഹാറിലെ അനാഥാലയത്തില്‍ നിന്നു ഷെറിനെ ദത്തെടുക്കാന്‍ ദമ്പതികള്‍ക്കു സൗകര്യമൊരുക്കിയ ഹോള്‍ട്ട് ഇന്റര്‍നാഷനലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളാണു കേന്ദ്ര വനിതാ, ശിശു ക്ഷേമ മന്ത്രാലയം വിലക്കിയത്. മാതാപിതാക്കളെ ശരിയായി വിലയിരുത്തുന്നതില്‍ ഏജന്‍സിക്കു വീഴ്ച സംഭവിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ടു മലയാളി ദമ്പതികളായ വെസ്ലി മാത്യൂസും സിനിയും യുഎസിലെ ജയിലിലാണ്. കഴിഞ്ഞ ഒക്ടോബറിലാണു ഷെറിന്‍ മരിച്ചത്.
നവംബറില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഇന്ത്യാ സന്ദര്‍ശനം കണക്കിലെടുത്ത് ഏജന്‍സിക്കെതിരായ നടപടി നീട്ടിവയ്ക്കുകയായിരുന്നുവെന്ന് അധികൃതര്‍ സൂചിപ്പിച്ചു. യുഎസിലെ ഇന്ത്യന്‍ എംബസി, ഇന്ത്യയില്‍ ദത്തെടുക്കല്‍ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ദത്തെടുക്കല്‍ റിസോഴ്സ് സമിതി (സിഎആര്‍എ) എന്നിവയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കുന്നതു പരിഗണിക്കും.
ഷെറിന്റെ മരണത്തിനു പിന്നാലെ, ഇന്ത്യയിലെ ദത്തെടുക്കല്‍ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു. ശിശുക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരം ഉറപ്പാക്കിയിട്ടു മാത്രമേ ദത്തെടുക്കുന്ന കുട്ടികള്‍ക്കു പാസ്പോര്‍ട്ട് നല്‍കാവൂ എന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നിര്‍ദേശിച്ചിട്ടുണ്ട്.