“ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്” സോഷ്യല്‍ മീഡിയ കൂട്ടായ്മ തന്നെ ചതിച്ചു എന്ന് ശ്രീജിത്ത് ; സമരം തുടരും എന്നും വെളിപ്പെടുത്തല്‍
താന്‍ സമരം അവസാനിപ്പിച്ചിട്ടില്ല എന്നും നീതി ലഭിക്കുന്നത് വരെ താന്‍ സമരം തുടരും എന്ന് സഹോദരന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടുവര്‍ഷത്തിലേറെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്ത ശ്രീജിത്ത്. ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ സമൂഹ മാധ്യമ കൂട്ടായ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫേസ്ബുക്ക് ലൈവില്‍ സംസാരിച്ച സമയമാണ് ശ്രീജിത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ എന്ന കൂട്ടയ്മയിലെ ചിലര്‍ കോര്‍ കമ്മറ്റി രൂപീകരിച്ച് തന്റെ പേരില്‍ പണം പിരിച്ച് അഴിമതി കാണിച്ചുവെന്ന് ശ്രീജിത്ത് ആരോപിച്ചു.
സോഷ്യല്‍ മീഡിയയെയും തന്നെയും മുതലെടുത്ത് ചിലര്‍ സമരം പൊളിക്കുകയായിരുന്നുവെന്ന് ശ്രീജിത്ത് പറയുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് സമരം താല്‍കാലികമായി നിര്‍ത്തി വച്ചത്. ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് ഉടന്‍ സെക്രട്ടേറിയേറ്റ് മുന്നില്‍ സമരത്തിന് തിരികെയെത്തുമെന്നു ശ്രീജിത്ത് പറഞ്ഞു. തനിക്ക് നീതി കിട്ടിയെന്ന തരത്തില്‍ ചിലര്‍ പറഞ്ഞ് പ്രചരിപ്പിക്കുകയാണെന്നും ശ്രീജിത്ത് പറഞ്ഞു.
സഹോദരന്‍ നഷ്ടപ്പെട്ട തന്റെ മാനസികാവസ്ഥ മനസിലാക്കാതെ പലരും മുതലെടുക്കുകയായിരുന്നു. അങ്ങനെയുള്ളവരുടെ സഹായം ഇനി വേണ്ട. നല്ലവരായ തന്നെ സഹായിക്കാന്‍ ശ്രമിക്കുന്നവരുടെ സഹായം മാത്രം മതി. ആരോഗ്യനില കുറച്ചു മെച്ചപ്പെട്ടിട്ടുണ്ടെന്നും തന്റെ തുടര്‍ന്നുളള സമരത്തില്‍ ജനങ്ങളുടെ സഹകരണം വേണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു.
കേസില്‍ ആരോപണം നേരിടുന്ന പോലീസുകാരന്‍ നാട്ടുകാരന്‍ ആയതിനാല്‍ തനിക്കും അമ്മയ്ക്കും ഭീഷണിയുണ്ടെന്നും അതുകൊണ്ട് തന്നെ കേസിന് ഒരു തീരുമാനം ആകാതെ തനിക്ക് സ്വന്തം നാട്ടില്‍ പോകുവാന്‍ കഴിയില്ല എന്നും ശ്രീജിത്ത് പറഞ്ഞു. തനിക്ക് സഹായം എന്ന നിലയില്‍ അടുത്തു കൂടിയ ചിലര്‍ തന്നെ താന്‍ സമരത്തിന് ഉപയോഗിച്ചിരുന്ന ഫ്ലെക്സ് അടക്കമുള്ള വസ്തുക്കള്‍ നശിപ്പിച്ചു എന്നും താന്‍ പോലും അറിയാതെ തന്‍റെ സമരം അവസാനിച്ചു എന്ന് ലോകത്തിനെ അവര്‍ അറിയിക്കുകയും ചെയ്തു എന്നും ശ്രീജിത്ത് പറയുന്നു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ശ്രീജിത്ത് ഇപ്പോള്‍.