കാര്‍ഷിക അവഗണനയ്‌ക്കെതിരെ കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭം ആരംഭിക്കും: ഇന്‍ഫാം

വാഴക്കുളം: കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ബജറ്റുകളിലെ കാര്‍ഷികമേഖലയോടുള്ള അവഗണയിലും പുത്തന്‍ നികുതികള്‍ കര്‍ഷകരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങളിലും പ്രതിഷേധിച്ച് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ വിവിധ കര്‍ഷകപ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ച് പ്രക്ഷോഭമാരംഭിക്കുവാന്‍ തീരുമാനം.

കഴിഞ്ഞ വര്‍ഷങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ബജറ്റുപ്രഖ്യാപനങ്ങളില്‍ നടപടികളില്ലാതെ ഇന്ത്യയുടെ കാര്‍ഷിക വളര്‍ച്ച തകര്‍ന്നടിയുകയും രാജ്യത്തുടനീളം കര്‍ഷക ആത്മഹത്യകള്‍ പെരുകുകയും ചെയ്തിട്ടും പഴയനിര്‍ദ്ദേശങ്ങള്‍ തന്നെ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത് വിരോധാഭാസമാണ്. വിലത്തകര്‍ച്ച നേരിടുന്ന കാര്‍ഷിക നാണ്യവിളകളുടെ അടിസ്ഥാനവില നിര്‍ണ്ണയത്തിനും കര്‍ഷകസംരക്ഷണത്തിനും കേന്ദ്രബജറ്റില്‍ പദ്ധതികളില്ല.

പന്ത്രണ്ടുലക്ഷം ജനങ്ങളുടെ ആശ്രയമായ റബറിനെ കേന്ദ്രസര്‍ക്കാര്‍ പുറന്തള്ളിയപ്പോള്‍ റബര്‍ കര്‍ഷകര്‍ക്കായി മനുഷ്യച്ചങ്ങല തീര്‍ത്ത് സംസ്ഥാനത്ത് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ബജറ്റില്‍ റബര്‍ ഉത്തേജകപദ്ധതിക്ക് ഫണ്ടനുവദിക്കാതെ അട്ടിമറിച്ചിരിക്കുന്നു. ഭരണച്ചെലവിനും ജീവനക്കാരുടെ ശമ്പളത്തിനുമായി കാര്‍ഷികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കര്‍ഷകരുടെമേല്‍ ഭൂനികുതി വര്‍ദ്ധിപ്പിച്ചും രജിസ്‌ട്രേഷന്‍ ഫീസ് കൂട്ടിയും ഭാഗഉടമ്പടിക്കുള്ള തുക വര്‍ദ്ധിപ്പിച്ചും പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരുന്ന നിലപാട് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചത് ശക്തമായി എതിര്‍ക്കും.

ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കേന്ദ്ര സംസ്ഥാന ബജറ്റുകളുടെ അവലോകനം നടത്തി ഭാവിപരിപാടികള്‍ വിശദീകരിച്ചു. മൂവാറ്റുപുഴ വാഴക്കുഴം ഇന്‍ഫാം കേന്ദ്ര ഓഫീസില്‍ ചേര്‍ന്ന ദേശീയ സംസ്ഥാന ഭാരവാഹികളുടെ അടിയന്തരസമ്മേളനത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ഇന്‍ഫാം ദേശീയ വൈസ്‌ചെയര്‍മാന്‍ കെ.മൈതീന്‍ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്, ദേശീയ ട്രഷറര്‍ ജോയി തെങ്ങുംകുടിയില്‍, മാത്യു മാമ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.