അണ്ടര്‍-19 ലോകകപ്പ്:ഓസീസിന് ബാറ്റിംഗ്;40 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 എന്ന നിലയില്‍

മൗണ്ട് മൗഗ്‌നൂയി (ന്യൂസീലന്‍ഡ്): അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു.40 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചു വിക്കറ്റിന് 185 റണ്‍സ് എന്ന നിലയിലാണ് ഓസീസ്.സെമിയില്‍ നാലു വിക്കറ്റ് പ്രകടനം നടത്തിയ ഇഷാന്‍ പോറെലാണ് ഓസീസിന്റെ രണ്ടു ഓപ്പണര്‍മാരെയും പവലിയനിലേക്കു മടക്കിയത്. കംലേഷ് നാഗര്‍കോടിയും അനുകൂല്‍ റോയിയും ശിവ സിങ്ങും ഓരോ വിക്കറ്റ് നേടി. ഓസീസിനു വേണ്ടി ജോനാഥന്‍ മെര്‍ലോ അര്‍ധ സെഞ്ചുറി നേടി.

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ നാലാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയും ഓസീസും ഫൈനലില്‍ ഏറ്റുമുട്ടയുന്നത്.വിരാട് കോഹ്‌ലി, മുഹമ്മദ് കൈഫ്, ഉന്‍മുക്ത് ചന്ദ് എന്നിവരുടെ ക്യാപ്റ്റന്‍സിയില്‍ മുന്‍പ് ജേതാക്കളായ ഇന്ത്യ ഒരിക്കല്‍ കൂടി കപ്പുയര്‍ത്തിയാല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന റെക്കോര്‍ഡിലെത്തും.ഇന്ന് ജയിക്കാനായാല്‍ ഓസ്‌ട്രേലിയക്കും ഇതേ നേട്ടം കാത്തിരിപ്പുണ്ട്.

അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയം കൊയ്ത ടീമുകളാണു ഇന്ത്യയും ഓസ്‌ട്രേലിയയും. ഇരുപക്ഷവും മൂന്നു കിരീടങ്ങള്‍ വീതം സ്വന്തമാക്കിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ കിരീടങ്ങളുടെ നേട്ടപ്പെരുമയിലേക്കു സാധ്യത കൂടുതല്‍ ഇന്ത്യയ്ക്കു തന്നെ. ലീഗ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ 100 റണ്‍സിനു തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. എന്നാല്‍, ആ തോല്‍വി കഴിഞ്ഞതോടെ ഓസ്‌ട്രേലിയയുടെ പ്രകടനം ഏറെ മെച്ചപ്പെട്ടു. എതിരാളികളെ അനായാസം പിന്നിട്ടാണ് ഓസ്‌ട്രേലിയ കലാശക്കളിക്ക് അര്‍ഹരായത്.