കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി ബെഡ്റൂമില്‍ ഒളിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തുഗ്ലക്കാബാദ് പൊലീസാണ് സുരേഷ് സിങ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. ജനുവരി പതിനൊന്നിനാണ് സുരേഷിന്റെ ഭാര്യ മരിയ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് അനുമാനം. തുഗ്ലക്കാബാദിലെ വീട്ടില്‍ കിടപ്പുമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

പുതപ്പില്‍ പൊതിഞ്ഞ് അഴുകിയ നിലയിലായിരുന്നു മരിയയുടെ മൃതദേഹം കണ്ടെത്തിയത്.കൊലപാതകത്തിന് ശേഷം ഇയാള്‍ മൃതദേഹം കിടക്കയ്ക്കടയില്‍ ഘടിപ്പിച്ചിരുന്ന പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്‌. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍വാസിയുടെ അന്വേഷണത്തിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. മരിയയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെട്ട അയല്‍ക്കാര്‍ മരിയയുടെ സഹോദരനെ വിളിച്ചിരുന്നു. എന്നാല്‍ സഹോദരന്റെ സന്ദേശങ്ങള്‍ക്കും മറുപടി ലഭിക്കാതായതോടെയാണ് അയല്‍വാസിയോട് വീട്ടില്‍ ചെന്ന് തിരക്കാന്‍ ആവശ്യപ്പെട്ടത്. സുരേഷ് സിങിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോളും മറുപടി ലഭിച്ചില്ല.

മരിയയെ കാണാതായതിന് ശേഷം സുരേഷിന്റെ സ്വഭാവത്തില്‍ വന്ന അസ്വാഭാവികതയാണ് ഇയാളെ സംശയിക്കുന്നതിന് കാരണായത്. വീട്ടുടമസ്ഥനെ അറിയിക്കാതെ വീട് വിട്ട് പോകുന്ന സ്വഭാവമല്ലായിരുന്നു ഇയാള്‍ക്ക്. എന്നാല്‍ മരിയയെ കാണാതായതിന് ശേഷം ഇയാളെയും കാണാതാവുകയായിരുന്നു. 2005 ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്കിടയില്‍ പ്രശന്ങ്ങളുണ്ടായിരുന്നെന്നും അകല്‍ച്ചയിലായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു. ഉത്തരാഖണ്ഡില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ ലത എന്ന സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. അവരുമായുള്ള ജീവിതത്തിന് ഭാര്യ തടസമാകുമെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം കൊലപാതകത്തിന് ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നത് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വിശദമാക്കി.