സൗദിയുടെ മണ്ണിനെ വര്‍ണ്ണോജ്വലമാക്കാന്‍ പൈതൃകോത്സവം ഒരുങ്ങുന്നു; ആശംസകള്‍ അറിയിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: ഫെബ്രുവരി ഏഴിന് തുടങ്ങുന്ന അറേബ്യന്‍ പൈതൃകോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഉത്സവത്തില്‍ ഇന്ത്യ-സൗദി സൗഹൃദത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതുമെന്ന് വിലയിരുത്തപ്പെടുന്നു. ഒപ്പം ഇന്ത്യയുടെയും സൌദിയുടേയും കൂട്ടുകെട്ടിന്റെ കഥകള്‍ പറയുന്ന ചിത്രീകരണങ്ങളും നേട്ടങ്ങളും ഉത്സവത്തില്‍ ഉണ്ടാകും.

1985 മുതല്‍ സൗദി ദേശീയ സുരക്ഷാസേനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്ന സാംസ്‌കാരികോത്സവമാണ് ജനാദിരിയ. ഈ വര്‍ഷം ഇന്ത്യ അതിഥിരാജ്യമായാണ് ഉത്സവത്തില്‍ പങ്കെടുക്കുന്നത്. വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആദ്യപ്രതിനിധി സംഘം ശനിയാഴ്ച്ച റിയാദിലെത്തി. ജനാദിരിയയിലെ ഇന്ത്യന്‍ പവലിയന്‍ വി.കെ സിങ് സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.

2000 ചതുരശ്ര അടിയില്‍ മനോഹരമായി രൂപകല്‍പന ചെയ്ത പവലിയനില്‍ ഗംഭീര പ്രൗഢിയോടെയയാണ് ഇന്ത്യയെ ജനാദിരിയയില്‍ അവതരിപ്പിക്കുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉള്‍പെടെ പ്രമുഖരുടെ നിര മേളയ്ക്ക് എത്തിച്ചേരും. ഉത്സവത്തില്‍ ആദ്യ മൂന്ന് ദിനങ്ങളില്‍ ഇന്ത്യന്‍ പവലിയനില്‍ കേരളത്തിന്റെ പരിപാടികള്‍ നടക്കും. കേരളത്തില്‍ എത്തിന്ന കലാകാരന്മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. കലാപരിപാടികള്‍ക്കായി അത്യാധുനിക വേദിയുടെ ഒരുക്കം അവസാന ഘട്ടത്തിലാണ്.

രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് സന്ദര്‍ശകര്‍ക്ക് മേളയില്‍ പ്രവേശനം. എട്ടാം തിയതി മുതല്‍ 9 വരെ പുരുഷന്‍മാര്‍ക്കും 12 മുതല്‍ 23ാം തിയതി വരെ സ്ത്രീകളുള്‍പെടെ കുടുംബങ്ങള്‍ക്കുമാവും പ്രവേശനം. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 12 മണി വരെയാവും സന്ദര്‍ശക സമയം.

ഭാരതത്തിന്റെ പാരമ്പര്യവും വളര്‍ച്ചയും സൗദിയുടെ മണ്ണില്‍ വിളംബരം ചെയ്യുന്ന ജനാദിരിയ്ക്ക് ആഗോള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ആശസകള്‍ അറിയിച്ചു. സംഘടനയുടെ സൗദി പ്രൊവിന്‍സ് മേളയില്‍ സജീവ സാന്നിദ്ധ്യമാകും.