അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം ; നാല് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു : വെടിനിര്‍ത്തല്‍ ലംഘിച്ച പാക് പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ മേഖലയിലാണ് പാകിസ്താന്‍ സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റു. ന്ന് രാവിലെ മുതല്‍ പൂഞ്ച് രാജൗരി മേഖലകളിലെ നിയന്ത്രണ മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ശക്തമായ ആക്രമണമാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നടത്തുന്നത്. ഇപ്പോഴും വെടിവെപ്പ് തുടരുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് സൈന്യം പൂഞ്ച് മേഖലയില്‍ മോര്‍ട്ടാര്‍ ഷെല്ലുകളും ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ച് ആക്രമണം അഴിച്ചുവിടുന്നത്. കഴിഞ്ഞയാഴ്ച പന്ത്രണ്ടോളം സൈനിക പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നു. നേരത്തെ പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍ പ്രദേശത്തുണ്ടായ ആക്രമണത്തില്‍ 15 വയസുകാരിക്കും സൈനികനും പരിക്കേറ്റിരുന്നു. വെടിനിര്‍ത്തല്‍ ലംഘനത്തിന് ശക്തമായ മറുപടി നല്‍കുമെന്ന നിലപാടിലാണ് ഇന്ത്യ.