മദ്യപിച്ചു വാഹനം ഓടിച്ച പ്രതിക്ക് 50 വര്‍ഷം തടവ്
പി.പി.ചെറിയാന്‍
ഹൂസ്റ്റണ്‍: മദ്യപിച്ചു വാഹനം ഓടിക്കുകയും റെഡ് ലൈറ്റ് മറികടന്ന് മറ്റൊരു വാഹനത്തില്‍ ഇടിച്ചു മൂന്നുപേര്‍ മരികുകയും ചെയ്ത സംഭവത്തില്‍ ടെക്സസില്‍ നിന്നുള്ള ജെര്‍മി പോളിനെ 50 വര്‍ഷത്തെ തടവ് ശിക്ഷക്കു കോടതി വിധിച്ചു. നാലു ദിവസം നീണ്ട വിചാരണയ്ക്കൊടുവില്‍ ഫെബ്രുവരി 1 നാണ് ജൂറി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മദ്യപിച്ചു വാഹനം ഓടിച്ചതിന് പ്രതിയുടെ പേരില്‍ മൂന്നു കേസുകള്‍ നിലവിലിരിക്കെയാണ് പുതിയ അപകടം ഉണ്ടാക്കിയതെന്ന് ഹാരിസ് കൗണ്ടി അറ്റോര്‍ണി ഓഫിസ് അറിയിച്ചു.
2016 ലാണ് സംഭവം 106 മൈല്‍ വേഗതയില്‍ ഓടിച്ച പിക്കപ്പ് വാഹനം റെഡ് ലൈറ്റ് മറികടന്ന് മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന മാതാപിതാക്കളും 18 വയസ്സുള്ള മകനും തല്‍ക്ഷണം കൊല്ലപ്പെട്ടു. മകന്‍ റമിറസ് ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ കഴിഞ്ഞു മാതാപിതാക്കളോടൊപ്പം വീട്ടിലേക്കു വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ലീഗല്‍ ലിമിറ്റിനേക്കാള്‍ മൂന്നിരട്ടി ആല്‍ക്കഹോള്‍ പ്രതിയില്‍ കണ്ടെത്തിയിരുന്നു. വാഹനാപകടത്തില്‍ ഇത്രയും വലിയ ശിക്ഷ നല്‍കുന്നതു വളരെ അപൂര്‍വ്വമാണ്.