ഖജനാവില്‍ കാശില്ല എന്ന് പറയുന്ന മന്ത്രിയുടെ ഉഴിച്ചിലിനു സ്വകാര്യ ആശുപത്രിയില്‍ ചിലവാക്കിയത് ഒന്നരലക്ഷം രൂപ
ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പിന്നാലെ ചികില്‍സക്കായി ഖജനാവില്‍ നിന്ന് പണം വാങ്ങിയ കൂടുതല്‍ നേതാക്കളുടെ കണക്കുകള്‍ പുറത്തുവരുന്നു. ആരോഗ്യ മന്ത്രിയുയും സ്പീക്കറും വന്‍ തുക ചെലവഴിച്ച് കണ്ണട വാങ്ങിയെന്ന വിവാദം കെട്ടടങ്ങും മുന്‍പാണ് ധനമന്ത്രി തോമസ് ഐസക് കോട്ടയ്ക്കലിലെ ആയുര്‍വേദ ചികില്‍സക്കായി ലക്ഷങ്ങള്‍ ചിലവാക്കിയ വിവരം പുറത്തുവരുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മുണ്ടുമുറുക്കിയുടുക്കണമെന്ന് നാഴികക്ക് നാല്‍പതുവട്ടം പറയുന്നയാളാണ് ധനമന്ത്രി തോമസ് ഐസക്. ഇപ്പറയുന്ന മന്ത്രി മലപ്പുറത്തെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ നടത്തിയ ചികില്‍സയുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയ പണത്തിന്റെ കണക്കുകളാണ് പുറത്തുവരുന്നത്..കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ 27 വരെ 15 ദിവസം നീളുന്ന ചികില്‍സക്ക് 1,20048 രൂപയാണ് ചിലവായത്.
ചികില്‍സക്കിടെ മരുന്ന് വാങ്ങിയത് ചിലവായത് 21990 രൂപ. മുറിവാടക 79200 രൂപ. മരുന്നിന്റെയും ചികില്‍സയുടെയും മൂന്നിരട്ടിയാണിത്. ചികില്‍സക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങിയതന്റെ പണമായി 195 രൂപയും ബില്ലിനൊപ്പം എഴുതി വാങ്ങിയിട്ടുണ്ട്. തലയിണയുടെ ചെലവിനത്തില്‍ 250 രൂപയും ഖജനാവില്‍ നിന്നുതന്നെ. സെക്രട്ടറിയേറ്റില്‍ നിന്ന് നടക്കാവുന്ന ദൂരത്തില്‍ എല്ലാവിധ സൗകര്യങ്ങളുമുളള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുളളപ്പോഴാണ് ധനമന്ത്രിയുടെ കോട്ടയ്ക്കലിലെ സ്വകാര്യ ഉഴിച്ചില്‍. നിയമസഭാ സാമാജികരുടെ ചികില്‍സാ ചെലവുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിന്റെ ബാധ്യത കുറയ്ക്കണമെമന്നുമായിരുന്നു ജസ്റ്റീസ് ജയിംസ് കമ്മിറ്റി മാസങ്ങള്‍ക്കുമുന്പ് ഇടതുസര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ. ഈ നിര്‍ദേശങ്ങള്‍ സെക്രട്ടേറിയില്‍ കിടന്ന് പൊടിപിടിക്കുന്ന സമയത്താണ് കാലിയായ ഖജനാവില്‍ നിന്നെടുത്ത് ധനമന്ത്രിയടക്കമുളളവരുടെ സുഖചികില്‍സ. നേരത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും വന്‍ തുക ചെലവഴിച്ച് കണ്ണട വാങ്ങിയതും വിവാദമായിരുന്നു. ശൈലജ 28000 രൂപയുടേയും സ്പീക്കര്‍ 49,900 രൂപയുടെ കണ്ണടയുമാണ് വാങ്ങിയത്.