ആദ്യ പന്ത് നെഞ്ചത്തെറിഞ്ഞ റബാദയുടെ അടുത്ത പന്ത് സിക്‌സറിന് പറത്തി കോഹ്ലിയുടെ കിടിലന്‍ മറുപടി-വീഡിയോ വൈറല്‍

സെഞ്ചൂറിയന്‍: ടെസ്റ്റില്‍ പരാജയം രുചിച്ചെങ്കില്‍ ആദ്യ രണ്ട് ഏകദിനത്തില്‍ വമ്പന്‍ വിജയങ്ങളിലൂടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. കളിയിലെ ആവേശം താരങ്ങളിലേക്ക് പടര്‍ന്നപ്പോഴുണ്ടായ ഒരു മത്സര നിമിഷമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനടയില്‍ ആരാധകര്‍ക്ക് ആവേശമൊരുക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയുമായി ക്രീസില്‍ നേര്‍ക്കുനേര്‍ പോരാടിയാണ് കോലി ആവേശം വിതറയിത്.

മത്സരത്തിന്റെ എട്ടാം ഓവറില്‍ റബാദയുടെ ഒരു ബൗണ്‍സര്‍ കോലിയുടെ നെഞ്ചത്താണ് കൊണ്ടത്. റബാദയുടെ പന്തില്‍ പുള്‍ഷോട്ടിന് ശ്രമിച്ച കോലിയുടെ ശ്രമം ബാറ്റില്‍തട്ടി നെഞ്ചില്‍ കൊള്ളുകയായിരുന്നു. കോലി ഷോട്ട് മിസ്സാക്കിയതോടെ റബാദ ചെറുതായൊന്നു ചിരിച്ചു. കമന്ററി ബോക്സിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഷോണ്‍ പൊള്ളോക്ക് റബാദയുടെ ആ പന്തിനെ പ്രശംസിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനെല്ലാമുള്ള മറുപടി കോലി അടുത്ത പന്തില്‍ സിസ്‌റക്‌സര്‍ പറത്തിയാണ് നല്‍കിയത്. കിടിലന്‍ പുള്‍ഷോട്ടിലൂടെ റബാദയുടെ ബൗണ്‍സര്‍ അതിര്‍ത്തി കടത്തി കോലി ആറു റണ്‍സ് കൂട്ടിച്ചേര്‍ത്തു.ഇതോടെ റബാദയുടെ ചിരി കറുത്തു. പൊള്ളാക്കിനും കോഹ്ലിയുടെ ആ ഷോട്ടിനെ അഭിനന്ദിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.