പുറം ലോകം വേണ്ട ജയില്‍ വാസം മതി എന്ന് കൊലപാതകക്കേസില്‍ ശിക്ഷ അനുഭവിച്ച പ്രതി
ഉത്തരാഖണ്ഡ് പിത്തോറഘട്ട് സ്വദേശി പുഷ്‌ക്കര്‍ ബട്ട് എന്നയളാണ് തനിക്ക് തിരികെ ജയിലില്‍ പോയാല്‍ മതി എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ ഇയാള്‍ക്ക് ഇപ്പോള്‍ എങ്ങനെയെങ്കിലും തിരികെ ജയിലില്‍ എത്തിയാല്‍ മതി എന്ന അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യയെയും മകളെയും നിഷ്‌ക്കരുണം കൊലപ്പെടുത്തിയതിനാണ് ഇയാള്‍ 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത്. ശിക്ഷ കഴിഞ്ഞു നാട്ടില്‍ എത്തിയ ഇയാള്‍ കാണുന്നത് വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന തന്‍റെ ഗ്രാമമാണ്. 2016 ജൂലായില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ബന്ധുക്കളും അയല്‍ക്കാരും എല്ലാവരും മരിച്ചു പോയിരുന്നു. ഇപ്പോള്‍ 52കാരനായ ഇയാള്‍ക്കിവിടെ സംസാരിക്കാന്‍ പോലുമാരുമില്ല എന്ന നിലയിലാണ്.
അതുകൊണ്ട് തന്നെ തന്റെ ജീവിതത്തിലെ നല്ല കാലം ചെലവഴിച്ച ജയിലിലേക്ക് തന്നെ തിരിച്ചു പോകണമെന്ന അപേക്ഷ ജില്ലാ ഭരണകൂടത്തിനു നല്‍കിയിരിക്കുകയാണ് ഇയാള്‍. വെള്ളപൊക്കത്തിന് ശേഷം ഇയാളുടെ ഗ്രാമം ഇപ്പോഴും പൂര്‍വ്വ സ്ഥിതിയിലായിട്ടില്ല. അതുകൊണ്ട് തന്റെ ഗ്രാമത്തിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുകയോ അല്ലെങ്കില്‍ ജയിലിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോവാന്‍ നടപടിയെടുക്കണമെന്നാണ് ഇയാള്‍ ഭരണകൂടത്തിനു നല്‍കിയ അപേക്ഷയില്‍ പറയുന്നത്.