യുഡിഎഫ് ഭരണകാലത്തും ചികിത്സാചിലവിന്റെ കാര്യത്തില്‍ ഇടത് എംഎല്‍എമാര്‍ മുന്നിലായിരുന്നു എന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : 2011 മുതല്‍ 2016വരെയുളള യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരും എംഎല്‍എമാരും ചേര്‍ന്ന് അഞ്ചുകോടിയോളം രൂപയാണ് ചികില്‍സാ ഇനത്തില്‍ കൈപ്പറ്റിയത്. അതില്‍ തന്നെ ഇത്തരത്തില്‍ ചികില്‍സാ ചെലവുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ യുഡിഎഫ് ഭരണ കാലത്തും മുന്നില്‍ ഇടത് എംഎല്‍എമാറായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.വ്യവസായ പ്രമുഖന്‍ ആണ് എങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ സമയത്തും ഒരു കോടി 91ലക്ഷം രൂപ കൈപ്പറ്റിയ തോമസ് ചാണ്ടി തന്നെയാണ് ഈ പട്ടികയിലും ഒന്നാമന്‍.സര്‍ക്കാരിന്റെ കാലത്ത് വിദേശ ചികില്‍സ തേടിയ തോമസ് ചാണ്ടി 1,91,14366 രൂപയാണ് ഈയിനത്തില്‍ കൈപ്പറ്റിയത്. വിവരാവകാശ പ്രവര്‍ത്തകനായ പ്രദീപ് കുമാര്‍ നല്‍കിയ അപേക്ഷയില്‍ 121 സാമാജികരുടെ ചികില്‍സാ ചിലവിന്റെ കണക്കുകളാണ് നിയമസഭാ സെക്രട്ടറിയറ്റ് നല്‍കിയിട്ടുളളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോഴക്കേസില്‍ പെട്ടെങ്കിലും കെഎം മാണി ഒരു രൂപ പോലും ചികില്‍സാ ഇനത്തില്‍ കൈപ്പറ്റിയില്ലെന്നാണ് വിവരാവകാശ രേഖപറയുന്നത്. പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍ മാത്രമാണ് ചികില്‍സയ്ക്കായി സര്‍ക്കാര്‍ ഖജനാവിനെ ആശ്രയിക്കാത്ത ഏക സിപിഎം എം.എല്‍എ.
പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ ചികില്‍സാ ചെലവ് കൈപ്പറ്റിയ നാലില്‍ മൂന്നു പേരും അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ കൈപ്പറ്റിയ 13ല്‍ എട്ടു പേരും ഇടത് എംഎല്‍എ മാരാണ്. നിയമസഭാ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിധിയില്ലാത്ത ചികില്‍സ. സര്‍ക്കാര്‍ നല്‍കുന്ന ഈ ആനുകൂല്യമാണ് വലിയൊരു വിഭാഗവും അവസരമാക്കുന്നത്. ഇതിന്റെ നാല്‍പ്പത് ശതമാനത്തിലേറെ തുകയും കൈപ്പറ്റിയത് മുന്‍ മന്ത്രി തോമസ് ചാണ്ടി. ചികില്‍സയ്ക്കായി പത്ത് ലക്ഷത്തില്‍ പരം രൂപ കൈപ്പറ്റിയത് മൂന്നു പേര്‍. സിപിഐ എംഎല്‍എ സി ദിവാകരന്‍ 13,77,425 രൂപയും ആലത്തൂര്‍ എംഎല്‍എയായിരുന്ന സിപിഎം അംഗം എം ചന്ദ്രന്‍ 10,96,613 രൂപയും വാങ്ങിയപ്പോള്‍ കേരളാ കോണ്‍ഗ്രസ് എംഎല്‍എ സിഎഫ് തോമസ് 11,28,390രൂപ കൈപ്പറ്റി. അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ കൈപ്പറ്റിയ 13 പേരില്‍ അഞ്ചു പേര്‍ മാത്രമേ യുഡിഎഫില്‍ നിന്നുളളൂ. മാത്രമല്ല, ചികില്‍സാ ഇനത്തില്‍ ഒരു രൂപ പോലും വാങ്ങാതിരുന്ന 11 എംഎല്‍എമാരില്‍ 10 പേരും യുഡിഎഫ് ടിക്കറ്റില്‍ വിജയിച്ചവരുമാണ്.