രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാന്‍ തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ
ബെയ്ജിങ്:രോഗിയായ മകളുടെ ആശുപത്രി ബില്ലിനുള്ള തുക കണ്ടെത്താന്‍ അമ്മ മുലപ്പാല്‍ വില്‍ക്കുന്നു. ചൈനയിലാണു സംഭവം.മുലപ്പാല്‍ വില്‍ക്കുന്ന അമ്മയുടെ ചിത്രം സഹിതം ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വിവരം വ്യാപകമായി പ്രചരിച്ചത്തോടെ രാജ്യാന്തര തലത്തില്‍ വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടതായി.ചൈനയിലെ ഷെന്‍ഴെന്‍ മേഖലയിലെ തെരുവില്‍നിന്ന് എടുത്തിട്ടുള്ള ചിത്രത്തില്‍ മുട്ടില്‍നിന്നു കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്‍ക്കുന്ന അച്ഛനെയും കാണാം.
‘സെല്‍ ബ്രസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍’ എന്നെഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഒരു മിനിറ്റ് നേരം മുലപ്പാല്‍ നല്‍കുന്നതിന് 10 യുവാന്‍ ആണ് ചാര്‍ജ് എന്നും എഴുതിയിട്ടുണ്ട്. മാത്രമല്ല, എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടി വന്നതെന്നും ദമ്പതികള്‍ പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു. ഇരുപത്തിനാലുകാരിയായ അമ്മയ്ക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങളാണ്. അതിലൊരു കുട്ടി മാരകമായ രോഗത്താല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ കുട്ടിയുടെ ആശുപത്രി ചിലവിനു വേണ്ടിയാണ് മുലപ്പാല്‍ വിറ്റ പണം ഉപയോഗിക്കുന്നതെന്നും പോസ്റ്ററില്‍ പറയുന്നു.പോസ്റ്ററിന്റെ ഏറ്റവും ഒടുവില്‍ കുഞ്ഞിന്റെ ചിത്രവും മെഡിക്കല്‍ രേഖകളും ദരിദ്രരാണെന്നു തെളിയിക്കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റും പതിപ്പിച്ചിട്ടുണ്ട്.
ഗ്വാങ്‌സിയില്‍നിന്നുള്ള താങ് ആണ് അമ്മയെന്നും സിച്ചുവാനില്‍നിന്നുള്ള മുപ്പത്തൊന്നുകാരനാണ് ഭര്‍ത്താവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 16 വര്‍ഷമായി ഷെന്‍ഴെനില്‍ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയാണിയാള്‍. ഡിസംബര്‍ 17നാണ് താങ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയത്.
ചൈനയിലെ സര്‍ക്കാര്‍ ക്ഷേമ ഫണ്ടുകള്‍ ഇത്രയും താഴേക്കിടയിലുള്ളവരിലേക്ക് എത്തുന്നില്ല എന്ന് തെളിയിക്കുകയാണ് ഇത്തരം കാഴ്ചകള്‍.മാത്രമല്ല, ആരോഗ്യമേഖല വളരെ ചെലവേറിയതായതിനാല്‍ പാവപ്പെട്ടവര്‍ സ്വന്തക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന നിലയിലുമാണ്.