പാഡ് മാന്‍ ചലഞ്ചുമായി സോഷ്യല്‍ മീഡിയ ; ഈ നൂറ്റാണ്ടിലും പലര്‍ക്കും ആര്‍ത്തവവിവരം പറയുവാന്‍ മടിയും നാണക്കേടും
ബോളിവുഡ് താരം അക്ഷയ്കുമാര്‍ നായകനായി റിലീസിന് തയ്യാറായ സിനിമയാണ് പാഡ് മാന്‍. അരുണാചലം മുരുകാനന്ദന്‍ എന്ന വ്യക്തിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ഈ സിനിമ ഈ മാസം 9നു റിലീസിന് തയ്യാറെടുക്കുകയാണ്.അതിന്‍റെ മുന്നോടിയായാണ് ഇത്തരത്തില്‍ ഒരു ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരിക്കുന്നത്. ഐസ് ബക്കറ്റ് ചലഞ്ചിനു ശേഷം രണ്ടുദിവസം കൊണ്ട് ലോകം മുഴുവന്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ് പാഡ് മാന്‍ ചലഞ്ചും. ബോളിവുഡിലാണ് ആദ്യം ഈ ചലഞ്ച് നിലവില്‍ വന്നത്. പല പ്രമുഖ നടീനടന്മാരും ഈ ചലഞ്ച് ഏറ്റെടുത്തതോടെ ഇത് വൈറല്‍ ആയി മാറുകയായിരുന്നു. കേരളത്തിലുള്ളവരും ഈ ചലഞ്ച് ഏറ്റെടുത്തുകഴിഞ്ഞു. ഈ നൂറ്റാണ്ടിലും ആര്‍ത്തവത്തിന്റെ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ വിവരവും വിദ്യാഭ്യാസവും ഉള്ള സ്ത്രീകള്‍ക്ക് പോലും മടിയാണ്. അതുകൊണ്ട് തന്നെ ഇത്തരം ഒരു ചലഞ്ച് ഇക്കാലത്ത് ഏറ്റവും ആവശ്യമായ ഒന്നാണ് എന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഒരു സിനിമയുടെ പേരില്‍ തുടങ്ങിയ ക്യാംപൈന്‍ ആണെങ്കിലും ആര്‍ത്തവം എന്നത് ഇന്ത്യന്‍ സമൂഹത്തില്‍ ഇപ്പോഴും ഒരു ടാബൂ ആയി നിലനില്‍ക്കുന്നിടത്തോളം അതൊരു പൊളിറ്റിക്കല്‍ ക്യാംപൈന്‍ കൂടിയാണ് . ആര്‍ത്തവം എന്നത് ഒരു സ്വാഭാവിക ജൈവ പ്രോസസ് മാത്രമാണെന്നും അതിന്‍റെ പേരില്‍ ഉള്ള എല്ലാ തരം വിവേചനങ്ങളും പ്രാകൃതമാണെന്നും കൂടി വിളിച്ചു പറയുകയാണ് ഈ ക്യാംപൈന്‍ .
ഇന്ത്യയിൽ 88% സ്ത്രീകൾ മാസമുറയുടെ സമയത്തു തുണിയും,മണ്ണും,പേപ്പറും ഉപയോഗിക്കുകയാണ്. ഇപ്പോഴും കടകളിൽ നിന്നും പൊതിഞ്ഞു വാങ്ങി ആരും കാണാതെ മറച്ചു ഷാളിനുള്ളിൽ തിരുകിയാണ് പൊതുസ്ഥലങ്ങളിലെ ശൗചാലയങ്ങളിൽ സ്ത്രീകളിളേറെയും പാഡ് കൊണ്ടു പോകുന്നത്. കാരണം കൈയ്യിൽ പാഡ് കാണുമ്പോൾ ഒരു കൂട്ടം മനുഷ്യർ അവളെ പരിഹസിക്കും “ചേച്ചിയ്ക്ക് ഡാം പൊട്ടിയെടാ”…അല്ലെങ്കിൽ “ചേച്ചി ബ്രഡ് വെക്കുവാൻ പോകുവാടാ”…അങ്ങനെ തുടങ്ങി നിരവധി പരിഹാസങ്ങളും അവൾക്ക് കേൾക്കേണ്ടി വരും. സമൂഹത്തിന്റെ ഈ ചിന്താഗതി മാറണം. മാസക്കുളിയുടെ സമയത്തു അവളെ കളിയാക്കുകയല്ല വേണ്ടത്, അവളുടെ ശരീരികവളർച്ചയിലും, മാനസികപിരിമുറുക്കങ്ങളിലും ആ സമയങ്ങളിൽ അവളെ മനസ്സിലാക്കുകയും, അവൾക്കു താങ്ങും തണലുമാവുകയാണ് ഒരു നല്ല പുരുഷൻ ചെയ്യുക. എന്നാണ് ഡോക്കട്ര്‍ ഷിനു ശ്യാമളന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
അതുപോലെ “കാലങ്ങളായി മത നിയന്ത്രിത പുരുഷമേധാവിത്വം സ്ത്രീകളെ വിവേചന പൂര്‍വ്വം മാറ്റി നിര്‍ത്താന്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്ന ഒരു ടൂള്‍ കൂടിയാണ് ആര്‍ത്തവം. “അശുദ്ധി” എന്ന ഒറ്റവാക്കില്‍ തളച്ചു സ്ത്രീകളെ തന്നെ ആ ചങ്ങലയുടെ പ്രവാചകര്‍ ആക്കി മാറ്റി നിര്‍ത്തിയിട്ടുണ്ട് മതങ്ങള്‍. അവയാണ് ഇടയ്ക്കിടെ റെഡി ടു വെയിറ്റ് പോലെ രോദനങ്ങള്‍ ആകുന്നതു. ദേവനും ദേവിക്കും ഖുറാനും ഒക്കെ ആര്‍ത്തവം എന്നാല്‍ പേടിയാണ്. ആ പൊതുബോധ തള്ളിച്ചയില്‍ നിന്നാണ് ആണാഘോഷത്തിന്‍റെ അശ്ലീല പ്രദര്‍ശനങ്ങളില്‍ സാനിട്ടറി പാഡ്കളെ ചുറ്റിയുള്ളവ സ്വയം തമാശ എന്ന് കരുതി പിറവിയെടുക്കുന്നത്. ജാമിദ ജുമാ നയിച്ചപ്പോള്‍ മുസ്ലീം മൌലീക വാദികള്‍ക്കും സ്ത്രീകള്‍ ശബരിമലയില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ ഹിന്ദു മൌലീകവാദികള്‍ക്കും പേടി ആര്‍ത്തവം ആയിരുന്നു. അതൊരു പേടി എന്നതിനേക്കാള്‍ സമര്‍ത്ഥമായി അവരെ മാറ്റി നിര്‍ത്താനും പരിഹസിക്കാനും ഉള്ള ഉപാധി ആയാണ് കാലം തെറ്റി പിറന്ന ഈ നൂറ്റാണ്ടിലെ പ്രാകൃത ജീവികള്‍ കാണുന്നത്.ആര്‍ത്തവ സമയത്തെ പരിഗണനയുടെ ആവശ്യകതയെ കുറിച്ചും സാനിട്ടറി പാഡ്കളുടെ കാര്യത്തില്‍ ഇന്ത്യ പോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഒരുപാട് എഴുത്തുകള്‍ കണ്ടു. എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ഇപ്പോഴും സാനിട്ടറി പാഡുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഗതികേടില്‍ ഉള്ള രാജ്യമാണ് ഇന്ത്യ . അവിടെയിരുന്നാണ് പേളി മാണിമാര്‍ മധ്യവര്‍ഗ പ്രിവിലെജിന്‍റെ എല്ലിന്‍റെ ഇടയില്‍ കയറലുകള്‍ നടത്തുന്നത്. ആരോഗ്യ – സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് അപ്പുറം ആര്‍ത്തവത്തിനു ഒരു സാമൂഹിക പ്രസക്തി കൂടിയുണ്ട് എന്ന അഭിപ്രായമാണ് കിസ് ഓഫ് ലവ് സമരനായിക രശ്മീ നായര്‍ക്ക് പറയുവാനുള്ളത്.