സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ പഴയ കണക്ക് തീര്‍ത്ത് ട്രോളി പി.സി. യുടെ ഫാന്‍ പേജ്
കണ്ണട വിഷയത്തില്‍ സ്പീക്കറിനെ ട്രോളി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് ആരാധകരുടെ ഫേസ്ബുക്ക് പോസ്റ്റ്. പൂഞ്ഞാര്‍ ആശാന്‍ പിസി ജോര്‍ജ്ജ് എന്ന ഫേസ്ബുക്ക് പേജിലാണ് “കണ്ണട അത് ഏത് കഴുവേറിക്കും ധരിക്കാം” എന്ന തലക്കെട്ടില്‍ ഒരു ലേഖനം വന്നിരിക്കുന്നത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അരലക്ഷം മുടക്കി കണ്ണട വാങ്ങിയ വിഷയത്തിലാണ് പേജ് സ്പീക്കറിനെ കണക്കറ്റ് പരിഹസിച്ചിരിക്കുന്നത്. കണ്ണട അത് ഏത് കഴുവേറിക്കും ധരിക്കാം (കഴിവുകള്‍ ഏറെയുള്ളവന്‍ എന്ന അര്‍ത്ഥത്തിലാണ് അല്ലാതെ കഴുവേറ്റപ്പെടേണ്ടവന്‍, നിന്ദ്യന്‍, നീചന്‍ മുതലായ അര്‍ത്ഥത്തിലല്ല) എന്ന് എടുത്തു പറയുന്നുമുണ്ട് ലേഖനത്തില്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കണ്ണട വിവാദത്തില്‍ പെട്ടതിനു ശേഷം പി.സി ജോര്‍ജ്ജ് അതിനെക്കുറിച്ച് പ്രതികരണങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും, അതിനു പകരുമെന്ന തരത്തിലാണ് ഫാന്‍ പേജില്‍ ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിളിച്ച് വരുത്തി തെളിവെടുക്കുമെന്ന് പറഞ്ഞ വനിതാ കമ്മീഷനെ വെല്ലുവിളിച്ച പി.സി. യെ സ്പീക്കര്‍ അദ്ദഹത്തിന്റെ ഫേസ് ബുക്കില്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ സാമാജികര്‍ പെരുമാറേണ്ടുന്ന മര്യാദകളെ കുറിച്ച് പി.സി.യെ പഠിപ്പിക്കാന്‍ വന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മുഖമൂടി അഴിഞ്ഞു വീണെന്ന തരത്തിലാണ് ലേഖനം പുരോഗമിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
കണ്ണട
കണ്ണട അത് ഏത് കഴുവേറിക്കും ധരിക്കാം
(കഴിവുകള്‍ ഏറെയുള്ളവന്‍ എന്ന അര്‍ത്ഥത്തിലാണ് അല്ലാതെ കഴുവേറ്റപ്പെടേണ്ടവന്‍, നിന്ദ്യന്‍, നീചന്‍ മുതലായ അര്‍ത്ഥത്തിലല്ല)
കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഈ കണ്ണട മഹാന്‍ തുടരെ തുടരെ സാമാജികര്‍ പുലര്‍ത്തേണ്ട മാന്യതയെ കുറിച്ച് ഫേസ് ബുക്കില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ മാന്യത പി. സി എന്ന സാമാജികനെ മാത്രമായി പഠിപ്പിക്കാനായി കുറച്ച് കൊച്ചമ്മമാരുടെ കൂടെ ചേര്‍ന്ന് ഒരു വല്ലാത്ത ഭ്രാന്തമായ ആവേശത്തോടെ പദവികള്‍ മറന്നുള്ള ഇളകിയാട്ടം കൂടിയായിരുന്നു. അതിനുള്ള മറുപടി പി.സി അക്ഷരസ്ഫുടതയോടെ പദവിയെ ബഹുമാനിച്ച് കൊണ്ട് നല്‍കുകയും അതില്‍ മഹാന്‍ സായൂജ്യമടയുകയും ചെയ്തതായി മനസിലാക്കുന്നു.
അന്നേ കരുതിയതാ ഇതുപോലൊരു മുഖമുടി അഴിഞ്ഞു വീഴല്‍ ഉണ്ടാകുമെന്ന്. എന്തായാലും ഇത്രയുമൊക്കെ ആയതല്ലേ സ്വയം വിചിന്തനം നടത്തി ഒരു പോസ്റ്റ് കൂടി ആകാമായിരുന്നു.
പാടത്ത് പണിയെടുത്തും, ചുമട് ചുമന്നും, ഓട്ടോ ഓടിച്ചും, അന്നന്നത്തെ അന്നത്തിനായി ഓടി കിതച്ചതിനു ശേഷം, വൈകിട്ട് പാര്‍ട്ടി ക്ലാസ്സും കൂടി വിഡ്ഢികളാക്കപ്പെടുന്ന ഒരു സമൂഹമുണ്ടല്ലോ..! അവരെ തുടര്‍ന്നും കട്ടനും, പരിപ്പുവടയും തന്നെ കഴിപ്പിക്കാനും അവനവന്‍ ചെയ്തില്ലേലും അവരെ കൊണ്ട് അത് ചെയ്യിക്കാനും താങ്കള്‍ക്ക് ഇനിയും സാധിക്കട്ടെ.
ഇനി ജനം താങ്കളെ കാണുമ്പോളെല്ലാം, താങ്കളുടെ മുഖത്തെ കണ്ണട ഒരു കള്ളന്റെ കണ്ണിന് മേലെയുള്ള മറയായി തോന്നിയാല്‍ അതിനവരെ പഴിക്കരുതെന്ന ഓര്‍മ്മപെടുത്തലോടെ
ഒന്ന്, രണ്ട് ‘ചുമന്ന് തുടുത്ത’ വിപ്ലവാഭിവാദ്യങ്ങള്‍.