2 മലയാളികളുള്‍പ്പടെ 22 ഇന്ത്യക്കാരുമായി കാണാതായ കപ്പല്‍ കണ്ടെത്താന്‍ ശ്രമം തുടരുന്നു: സുഷമ സ്വരാജ്

ന്യൂഡല്‍ഹി:രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ കപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങിയെന്നും മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

ജനുവരി 31നു വൈകിട്ട് ആറരയോടെയാണു എംടി മറീന എക്‌സ്പ്രസ് എന്ന എണ്ണകപ്പല്‍ കാണാതായത്. ഉദുമ പെരിലാവളപ്പ് അശോകന്റെ മകന്‍ ശ്രീഉണ്ണിയും മുംബൈ മലയാളിയുമടക്കം 22 യാത്രക്കാരാണു കപ്പലിലുണ്ടായിരുന്നത്. ആഫ്രിക്കന്‍ രാജ്യമായ ബെനീനിലെ കൊട്ടോനൗവില്‍ വച്ചാണ് അവസാനമായി കപ്പലിന്റെ സിഗ്‌നല്‍ ലഭിച്ചത്. ഷിപ്പിങ് കമ്പനിയുടെ സാങ്കേതിക വിഭാഗത്തിനു പിറ്റേന്നു രാവിലെ 2.36ന് ഗള്‍ഫ് ഓഫ് ഗിനിയയില്‍ വച്ച് കപ്പലുമായുള്ള ആശയവിനിമയവും സാധ്യമല്ലാതായി.

52.65 കോടി രൂപ വിലമതിക്കുന്ന 13,500 ടണ്‍ ഇന്ധനമാണു കപ്പലിലുള്ളത്. ഇതു തട്ടിയെടുക്കാനുള്ള ശ്രമമായിരിക്കാം കപ്പല്‍ കാണാതായതിനു പിന്നിലെന്നാണ് അനുമാനം. പാനമയിലെ ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിങ് മാനേജ്‌മെന്റിന്റെ കീഴിലുള്ളതാണു കപ്പല്‍.

കപ്പല്‍ അവസാനമായി നങ്കൂരമിട്ട പ്രദേശത്തു നൈജീരിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെ വ്യോമനിരീക്ഷണം നടത്തിയെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. നൈജീരിയന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കപ്പല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു നൈജീരിയയിലെ ഇന്ത്യന്‍ എംബസിയും വ്യക്തമാക്കി.

കപ്പല്‍ കണ്ടെത്താനായി ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെയും ഷിപ്പിങ് മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ കപ്പലിനു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. ബെനീനിലെയും നൈജീരിയയിലെയും സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.