കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വേഷം മാറിയെത്തിയെന്നാരോപിച്ച് ട്രാന്‍സ്ജെന്ററിന് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം;അടിച്ചവശായാക്കിയ ശേഷം വസ്ത്രം വലിച്ചു കീറി

തിരുവനന്തപുരം:വലിയതുറയില്‍ ട്രാന്‍സ്‌ജെന്‍ഡറിന് നാട്ടുകാരുടെ ക്രൂര മര്‍ദനം.കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതാണെന്നാരോപിച്ചായിരുന്നു ഇവരെ നാട്ടുകാര്‍ മര്‍ദിച്ചത്.ഇവരുടെ വസ്ത്രങ്ങള്‍ നാട്ടുകാര്‍ വലിച്ചു കീറി. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ഇവറിപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.ഞായറാഴ്ച്ച രാത്രിയാണ് സംഭവം.

തിരുവനന്തപുരം സ്വദേശിയായ ഇവര്‍ കഴിഞ്ഞ കുറേ കാലമായി നാഗര്‍കോവിലിലാണ് താമസം. രണ്ടുദിവസം മുന്‍പാണ് തിരികെ നാട്ടിലേക്ക് എത്തിയത്.സ്വന്തമായി വീടോ ബന്ധുക്കളുമായി അടുത്ത സഹകരണമോ ഇല്ലാത്തതിനാല്‍ വലിയതുറ കടപ്പുറത്ത് അലഞ്ഞു തിരിയവേയാണ് നാട്ടുകാര്‍ തടഞ്ഞുനിറുത്തുന്നത്.

പെണ്‍ വേഷം കെട്ടി കുട്ടികളെ പിടിക്കാന്‍ ഇറങ്ങിയ സംഘത്തിലെ അംഗമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ ഇവരെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു.ഇവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ നാട്ടുകാര്‍ അതിലെ നമ്പറുകളിലേക്ക് വിളിച്ചതായും പൊലീസ് പറയുന്നു.ഇതിനിടെ ചിലര്‍ ഇവരെ അസഭ്യം വിളിക്കുകയും ക്രൂരമായി മര്‍ദിചാ ശേഷം വസ്ത്രം വലിച്ചു കീറുകയും ചെയ്തു.

സംഭവം അറിഞ്ഞു വലിയതുറ പൊലീസ് എത്തുമ്പോഴേക്കും ട്രാന്‍സ്ജന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനമേറ്റിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊാലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ ഇല്ലാത്തതാണ് നാട്ടുകാരുടെ സംശയത്തിന് ഇടയാക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.