റാഫേല്‍ ഇടപാട് അഴിമതി ; മാധ്യമങ്ങളെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
കേന്ദ്ര സര്‍ക്കാരിനെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇടപാടിനെക്കുറിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തതാണ് രാഹുലിനെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി രാഹുല്‍ രംഗത്ത് വന്നത്. റാഫേല്‍ ഇടപാട് രാജ്യത്തിന്റെ രഹസ്യമാണെന്ന നിര്‍മ്മല സീതാരാമന്റെ വാദത്തെ പരിഹസിച്ച രാഹുല്‍ ചോദ്യങ്ങളുയര്‍ത്തുന്നവരെ സര്‍ക്കാര്‍ ദേശവിരുദ്ധരായി മുദ്രകുത്തുകയാണെന്നും ആരോപിച്ചു.
റാഫേലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ എന്തുകൊണ്ട് പ്രധാനമന്ത്രിയോടും പ്രതിരോധമന്ത്രിയോടും ചോദിക്കുന്നില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് ചോദിച്ചു. എനിക്കറിയാം നിങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടെന്ന്. എന്നാല്‍, മാധ്യമങ്ങള്‍ കുറച്ചെങ്കിലും നട്ടെല്ല് കാണിക്കണമെന്നും രാഹുല്‍ പറഞ്ഞു. വ്യോമസേനയ്ക്കു വേണ്ടി ഫ്രാന്‍സിലെ ഡസ്സാള്‍ട്ട് ഏവിയേഷനില്‍നിന്ന് 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ദേശീയ സുരക്ഷയെയും രാജ്യതാല്‍പര്യത്തെയും ഹനിക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് കോണ്ഗ്രസ് ഉന്നയിക്കുന്ന ആരോപണം.