നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപിന്‍റെ ഹര്‍ജി തള്ളി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജിയാണ് കോടതി തള്ളിയത്. കൂടാതെ കൂടാതെ, കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചു. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വിട്ടുനല്‍കിയാല്‍ അത് പുറത്തുപോകാനും നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അത് ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ച കോടതി ദൃശ്യങ്ങള്‍ വിട്ടുനല്‍കാനാവില്ലെന്ന്  വ്യക്തമാക്കുകയായിരുന്നു.

നേരത്തെ ഈ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയും കൂടുതല്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ദിലീപ് ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.