നായകളുടെ കടിയേറ്റ് സ്ത്രീ മരിച്ച സംഭവം ; നായ്ക്കളെ വളര്‍ത്തുന്നതിന് സമഗ്രമായ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
വയനാട് വൈത്തിരിയില്‍ നായകളുടെ കടിയേറ്റ് സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നായ്ക്കളെ വളര്‍ത്തുന്നതിന് സമഗ്രമായ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ വൈത്തിരിയില്‍ മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കുന്ന കാര്യം പരിഗണനയിലാണ് ഇപ്പോള്‍ 5000 രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു പഴയവൈത്തിരി ചാരിറ്റി അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന രാജമ്മ(60) എന്ന സ്ത്രീ എസ്‌റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെ വളര്‍ത്തു നായ്ക്കളുടെ കടിയേറ്റ് മരിച്ചത്. ജോസിന്റെ റോട്ട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളായിരുന്നു ആക്രമിച്ചത്. ആക്രമത്തില്‍ രാജമ്മയുടെ ഇരുകൈകളും അറ്റുപോയിരുന്നു. തുടയിലെ മാംസം നായ്കള്‍ കടിച്ചെടുക്കുകയും ചെയ്തിരുന്നു.
സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍തന്നെ വൈത്തിരി താലൂക്ക് ആസ്പത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പട്ടികളുടെ ഉടമ ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു. നരഹത്യയ്ക്കും അപകടരമായ രീതിയില്‍ മൃഗങ്ങളെ വളര്‍ത്തിയതിനുമാണ് അറസ്റ്റ്. വളര്‍ത്തുനായകളില്‍ ഏറ്റവും ആക്രമണ സ്വഭാവമുള്ള ഇനമാണ് ജര്‍മന്‍ നായ്ക്കളില്‍പ്പെട്ട റോട്ട്‌വീലര്‍. ആക്രമണസ്വഭാവം കൂടുതലുള്ളതിനാല്‍ റൊമാനിയ, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഈ ഇനത്തെ വളര്‍ത്തുന്നത് നിരോധിച്ചതാണ്. ഇന്ത്യയില്‍ ബെംഗളൂരുവിലും ചെന്നൈയിലും മുമ്പ് നായകളുടെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.