കോണ്ഗ്രസിനെ കുറ്റം പറയാതെ മോദി നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് പറയണം എന്ന്‍ ശിവസേന

കോണ്ഗ്രസിനെ കുറ്റം പറഞ്ഞുകൊണ്ട് നടക്കാതെ മോദി താന്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് പറയണം എന്ന ആവശ്യവുമായി ശിവസേന രംഗത്ത്. ശിവസേനാ വാക്താവ് മനീഷ കയാണ്ഡെയാണ് ജനങ്ങള്‍ നിങ്ങളുടെ പദ്ധതികളെ കുറിച്ചാണ് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്ന് തുറന്നു പറഞ്ഞത്. അധികാരത്തിലെത്തിയിട്ട് നാല് വര്‍ഷമായെന്ന് മോദി ഇപ്പോഴാണ് തിരിച്ചറിയുന്നത്. കോണ്‍ഗ്രസിന്റെ ഭരണത്തില്‍ ജനങ്ങള്‍ നിരാശരായിരുന്നു. അതു കൊണ്ടാണ് താങ്കളെ അധികാരത്തിലേറ്റിയതെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നടത്തിയ കോണ്‍ഗ്രസ് വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഒരു മണിക്കൂര്‍ നീണ്ടു നിന്ന മോദിയുടെ പാര്‍ലമെന്റ് പ്രസംഗത്തില്‍ റാഫേല്‍ ഇടപാടിനെ കുറിച്ച് ഒരു വാക്കു പോലും മിണ്ടിയിയിരുന്നില്ല അതുപോലെ കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ചോ തൊഴിലില്ലായ്മ നേരിടുന്ന യുവാക്കളെ കുറിച്ചോ സംസാരിക്കാത്ത അദ്ധേഹം പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമിച്ചത്. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്ത പാപങ്ങളുടെ ഫലമാണ് രാജ്യം ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.