കാശുള്ളവര്‍ രക്ഷപ്പെട്ടു പോകും ; താനിവിടെ തന്നെ കിടക്കും : പള്‍സര്‍ സുനി

കൊച്ചി: കാശുള്ളവന്‍ രക്ഷപ്പെടുമെന്നും താന്‍ ഇവിടെ കിടക്കുന്ന ലക്ഷണമാണെന്നും നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി മുന്‍സീഫ് കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്കുകൊണ്ടുപോകുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പള്‍സര്‍ സുനി. ഇപ്പോത്തന്നെ കണ്ടില്ലേ ആരും വരുന്നുപോലുമില്ല, നമ്മളിങ്ങനെ കിടക്കാന്ന് ഉള്ളതേയുള്ളൂ. കാശുള്ളവന്‍ രക്ഷപ്പെടുമെന്നാണ് തോന്നണെ” എന്നായിരുന്നു സുനി പറഞ്ഞത്. കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് മുമ്പായി എല്ലാ പ്രതികളും ഹാജരാകണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, ദിലീപ് ഇതുവരെ കോടതിയില്‍ ഹാജരായിരുന്നില്ല. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു പള്‍സര്‍ സുനി ഇത്തരത്തില്‍ പ്രതികരിച്ചത്. കേസ് എത്രയും പെട്ടെന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്ന് സുനിയുടെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ ദിലീപിന് ലഭിച്ച പല തെളിവുകളും മുഖ്യപ്രതിയായ പള്‍സര്‍ സുനിയ്ക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ തെളിവുകള്‍ സുനിയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.