ഷൂട്ടിങ്ങിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ യുവതാരങ്ങളെ ലാത്തി കൊണ്ട് തല്ലി; ആസിഫിനും അപര്‍ണ ബാലമുരളിക്കും മര്‍ദനം
സിനിമ ലൊക്കേഷനിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ അഭിനയം അതിരു വിട്ടതോടെ നടന്നത് കൂട്ടത്തല്ല്. ആസിഫ് അലി നായകനാകുന്ന ‘ബി.ടെകിന്റെ’ ചിത്രീകരണത്തിനിടെയാണ് സംഭവം.
ബംഗലൂരു ഫ്രീഡം പാര്‍ക്കില്‍ ഒരു സമരം നടക്കുന്നതിന്റെ രംഗം ചിത്രീകരിക്കുകയായിരുന്നു.ഇതില്‍ കോളജ് വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലുള്ള ലാത്തിച്ചാര്‍ജ്ജ് നടക്കുന്ന രംഗമുണ്ടായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള മുന്നുറോളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് ചിത്രീകരണത്തിനുണ്ടായിരുന്നത്. ഇതില്‍ കുറച്ച് പേരുടേത് പോലീസ് വേഷമായിരുന്നു. ഇവര്‍ യഥാര്‍ത്ഥ പൊലീസുകാരായി അഭിനയിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.ലാത്തിച്ചാര്‍ജ് സീനില്‍ ഇവരുടെ തല്ല് കാര്യമായതോടെ ആസിഫ് അലിയടക്കമുള്ള താരങ്ങള്‍ക്ക് ശരിക്കും അടികിട്ടി. ആസിഫ് അലി, അപര്‍ണ ബാലമുരളി, അജു വര്‍ഗ്ഗീസ്, സൈജുകുറുപ്പ്, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങളാണ് ആ രംഗത്തില്‍ അഭിനയിക്കാനുണ്ടായിരുന്നത്.ഇവര്‍ക്കൊക്കെ കാര്യമായി തല്ലു കിട്ടി.
ലാത്തിച്ചാര്‍ജ്ജിനായി നല്‍കിയ വടി ഉപയോഗിച്ചാണ് പൊലീസുകാരായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ താരങ്ങളെ തല്ലിയത്. അന്യഭാഷക്കാരായ ആര്‍ടിസ്റ്റുകളായതിനാല്‍ സംഭവം നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. അഭിനയം കാര്യമായതോടെ തല്ല് കിട്ടിയ താരങ്ങള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ചൂടായതോടെ ഇവര്‍ കൂടുതല്‍ പ്രകോപിതരാകുകയായിരുന്നു.
ഇതോടെ ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടിയും വന്നു. സംഭവത്തിന് ശേഷം സംവിധായകന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ദേഷ്യപ്പെട്ടതോടെ പ്രകോപിതരായ ഇവര്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. സ്ഥലത്ത് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.