ഗൗരി നേഘയുടെ മരണം:ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരായ ശിക്ഷാനടപടിയില്‍ ആനുകൂല്യങ്ങളനുവദിച്ച് സ്‌കൂള്‍ അധികൃതര്‍

കൊല്ലം:ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘയുടെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപികമാര്‍ക്ക് പിന്തുണയുമായി സ്‌കൂള്‍ മാനേജ്മെന്റ്.ഗോറിയുടെ മരണത്തിനു ഉത്തരവാദികളായ ഇവരുടെ ‘ സസ്പെന്‍ഷന്‍ കാലയളവ് ലീവായി പരിഗണിക്കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം. മാനേജ്മെന്റ് നടത്തിയ അന്വേഷണത്തില്‍ അധ്യാപകര്‍ നല്‍കിയ വിശദീകരണം വിശ്വസനീയമാണെന്ന കാരണത്താലാണ് ആനുകൂല്യം നല്‍കുന്നത്.സംഭവത്തില്‍ കോടതി കുറ്റക്കാരായി കണ്ടാല്‍ നടപടിയെടുക്കുമെന്നും അധ്യാപകരെ പ്രോത്സാഹിപ്പിക്കാനാണ് കേക്ക് മുറിച്ച് ഇവരെ വരവേറ്റതെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

നേരത്തെ ആരോപണ വിധേയരായ അധ്യാപികരെ തിരിച്ചെടുത്തപ്പോള്‍ പ്രിന്‍സിപ്പലടക്കമുള്ളവരുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും സ്‌കൂളിലേക്ക് ആഘോഷ വരവേല്‍പ്പ് നല്‍കിയതായി പ്രസന്നകുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സമരമാരംഭിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

ആരോപണ വിധേയരായ അധ്യാപികമാരെ തിരിച്ചെടുത്തതിനെതിരേ ഗൗരിയുടെ അച്ഛന്‍ പ്രസന്നകുമാര്‍ കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് കമ്മിഷണര്‍ ഡോ. എ.ശ്രീനിവാസ് മാനേജ്‌മെന്റ് പ്രതിനിധികളെ വിളിച്ചുവരുത്തി അധ്യാപികമാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കാന്‍ നടപടി എടുത്തിരുന്നു. സിന്ധു പോള്‍, ക്രെസന്‍സ് നെവിസ് എന്നീ അധ്യാപകരാണ് അവധിയില്‍ പ്രവേശിച്ചത്.