നിര്‍ണ്ണായക മത്സരത്തില്‍ ഇന്നിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; ഇയാന്‍ ഹ്യൂമിന് പരിക്ക്, ഇനിയുള്ള കളികളിലുണ്ടാകില്ല

ഐഎസ്എല്ലില്‍ സെമി ഫൈനല്‍ ബര്‍ത്തിനായി പൊരുതുന്ന കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി സ്റ്റാര്‍ സ്ട്രൈക്കര്‍ ഇയാന്‍ ഹ്യൂമിന്റെ പരിക്ക്.പൂനെ സിറ്റിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ ഹ്യൂം ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങള്‍ കളിച്ചേക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററിലൂടെ അറിയിച്ചു.

നിസ്സാരമെന്ന് കരുതിയ പരിക്കിലൂടെ സീസണ്‍ അവസാനിപ്പിക്കുന്നത് വേദനാജനകമാണെന്നും കൂടുതല്‍ കരുത്തോടെയും വീര്യത്തോടെയും മടങ്ങിവരുമെന്ന് ഹ്യൂം ട്വിറ്ററിലൂടെ പ്രതികരിച്ചു. സീസണില്‍ 5 ഗോള്‍ നേടിയ ഹ്യൂം ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയില്‍ വിശ്വസ്തനായ താരമായിരുന്നു.ഡേവിഡ് ജയിംസ് പരിശീലകനായ ശേഷം മികച്ച പ്രകടനം നടത്തി വരുന്ന ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയായി മാറിയ ഹ്യൂമിന്റെ അഭാവം കൊല്‍ക്കത്തയ്ക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ നിന്നിറങ്ങുമ്പോള്‍ തിരിച്ചടിയാകും.
കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞു.

രാത്രി എട്ടിന് കൊല്‍ക്കത്തയുടെ ഹോം ഗ്രൌണ്ടിലാണ് മത്സരം. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത കിരീടം നേടിയത്.സെമി ഫൈനലുറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിക്കണമെന്നതുകൊണ്ടുതന്നെ കഴിന സീസണിലെ കടം കൊല്‍ക്കത്തയുടെ മണ്ണില്‍ തീര്‍ക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. പതിനഞ്ചാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് 20 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് ജംഷെഡ്പൂരിനെ മറികടന്ന് നാലാം സ്ഥാനത്തെത്താം. ഈ മത്സരത്തില്‍ തോറ്റാല്‍ ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകള്‍ മങ്ങും.