പാക് സൈന്യത്തിന്റെ പിന്തുണയോടെ 45 ലഷ്‌കര്‍ തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ പദ്ധതിയിടുന്നതായി വിവരം;അതിര്‍ത്തിയില്‍ സുരക്ഷാ ശക്തമാക്കി
ശ്രീനഗര്‍:നിയന്ത്രണരേഖയിലുടനീളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് ആക്രമണം തുടരുന്നതിനു പുറമെ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റ ഭീഷണിയും.പാക്കിസ്ഥാന്‍ നിരന്തര ആക്രമണങ്ങള്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ലഷ്‌കറെ ത്വയ്ബ വന്‍ സംഘത്തെ നിയോഗിച്ചതായി രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിവരം നല്‍കി.
പാകിസ്താന്‍ അടുത്തിടെ രൂക്ഷമായ ഷെല്ലാക്രമണം നടത്തിയ പ്രദേശങ്ങളിലൊന്നായ
പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറില്‍ നാംഗിതെക്രി മേഖലയിലൂടെ നുഴഞ്ഞു കയറ്റം നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്ന് രഹസ്യന്വേഷണ വിവരത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്
കശ്മീര്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍ കരുതല്‍ എടുക്കാന്‍ സൈനിക പോസ്റ്റുകളോട് ആവശ്യപ്പെടാന്‍ അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 45 അംഗ സംഘത്തെ കശ്മീരിലേക്ക് കടത്തി കശ്മീര്‍ താഴ്വരയില്‍ ഭീകരാക്രമണം നടത്താനാണ് പദ്ധതി.നുഴഞ്ഞു കയറ്റം എളുപ്പമാക്കുന്നതിനു വേണ്ടി പാക് അതിര്‍ത്തി സൈന്യം ഇവര്‍ക്ക് സഹായമൊരുക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
രഹസ്യാന്വേഷണ രേഖകളില്‍ സൂചിപ്പിക്കുന്ന പ്രദേശങ്ങള്‍ ഇന്ത്യന്‍ ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ അധീനതയിലാണെന്നും ബിഎസ്എഫും ഇവരും ചേര്‍ന്നാണ് ഇവിടെ സുരക്ഷയൊരുക്കകയെന്നും കശ്മീര്‍ പോലീസ് അറിയിച്ചു.