ആന്റണി ഡൊമിനിക് ഹൈകോടതി ചീഫ് ജസ്റ്റിസ്;17 വര്‍ഷത്തിന് ശേഷം വീണ്ടും മലയാളി ചീഫ് ജസ്റ്റിസ്

കൊച്ചി:കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായ ആന്റണി ഡൊമനിക്കിനെ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്.

17 വര്‍ഷത്തിന് ശേഷമാണ് ഒരു മലയാളി ജഡ്ജി കേരള ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസാകുന്നത്. ഇതിന് മുന്‍പ് 2001ല്‍ ജസ്റ്റിസ് കെ.കെ. ഉഷയാണ് കേരള ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന മലയാളി.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന നവനീതി പ്രസാദ് സിങ് കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിന് വിരമിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് ആന്റണി ഡൊമനിക് ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

1981ലാണ് ആന്റണി ഡൊമനിക് അഭിഭാഷകവൃത്തി ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയിലായിരുന്നു തുടക്കം. 1986 മുതല്‍ ഹൈക്കോടതയില്‍ പ്രാക്ടീസ് ആരംഭിച്ചു. 2007ല്‍ അദ്ദേഹത്തെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയോഗിച്ചു. 2008ല്‍ സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം. തുടര്‍ന്ന് ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു.