രാജ്യത്തെ ഏറ്റവും മികച്ച ‘ആരോഗ്യസംസ്ഥാനങ്ങളില് കേരളത്തിന് ഒന്നാം സ്ഥാനം; ഹെല്‍ത്ത് റിപ്പോര്‍ട്ടുമായി നിതി ആയോഗ്
ന്യൂഡല്‍ഹി:രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യമേഖലയുള്ള സംസ്ഥാനമായി കേരളം. നിതി ആയോഗ് ആദ്യമായി പുറത്തിറക്കിയ ദേശീയാരോഗ്യ റിപ്പോര്‍ട്ടിലാണു ആരോഗ്യ രംഗത്തെ സമഗ്രമികവിനുള്ള ഒന്നാം സ്ഥാനം കേരളം സ്വന്തമാക്കിയത്.കേരളത്തിനൊപ്പം പഞ്ചാബ്, തമിഴ്നാട് എന്നിവയാണു മുന്നിലുള്ളത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ലോക ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണു നിതി ആയോഗ് റിപ്പോര്‍ട്ട് തയാറാക്കിയത്. ന്യൂഡല്‍ഹിയില്‍നടന്ന ചടങ്ങില്‍ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പ്രീതി സുദന്‍, ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍ ജുനൈദ് അഹമ്മദ് എന്നിവരാണു റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചത്.
വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്ന വിഭാഗത്തിലായാണു പട്ടിക തയ്യാറാക്കിയത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ സമഗ്ര മികവില്‍ കേരളം, പഞ്ചാബ്, തമിഴ്നാട് എന്നിവയാണു മുന്നിലുള്ള സംസ്ഥാനങ്ങള്‍. വാര്‍ഷിക പ്രകടനത്തില്‍ ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ മുന്നിലെത്തിയപ്പോള്‍, ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ മിസോറം ഒന്നാമതെത്തി. മണിപ്പുര്‍ ആണു തൊട്ടുപിന്നില്‍. വാര്‍ഷിക പ്രകടനത്തില്‍ ഗോവയാണു മുന്നില്‍. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ ലക്ഷദ്വീപിനാണ് ഒന്നാം സ്ഥാനം.
സമഗ്ര മികവിനു കേരളം മുന്നില്‍ എത്തിയെങ്കിലും ചില മേഖലകളില്‍ പിന്നിലായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നവജാതശിശു മരണനിരക്ക്, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് തുടങ്ങിയവയില്‍ കേരളം മെച്ചപ്പെടാനുണ്ട്.