കശ്മീര്‍ അതിര്‍ത്തിയില്‍ കനത്ത ഷെല്ലാക്രമണവുമായി വീണ്ടും പാക്കിസ്ഥാന്‍; ഒരു സ്ത്രീ കൊല്ലപ്പെട്ടു
ശ്രീനഗര്‍:ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഗ്രാമവാസിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടു.പാക് സേന പൂഞ്ച് മേഖലയില്‍ നടത്തിയ വെടിവെപ്പിനിടെയാണ് സൈനബ ബീവ (45) എന്ന സ്ത്രീ കൊല്ലപ്പെട്ടത്.
ഇവര്‍ വീടിനു മുന്നില്‍ ഇരിക്കുമ്പോള്‍ സമീപത്ത് ഷെല്‍ പതിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ചയും പൂഞ്ചിലും മെന്ദാരിലും പാക്കിസ്ഥാന്‍ തുടര്‍ച്ചയായ ആക്രമണമാണ് നടത്തിയത്. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.
പ്രകോപനമില്ലാതെ തന്നെ പാക് സൈന്യം ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ് അറിയിച്ചു. പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിരുന്നു.
2018ല്‍ മാത്രം പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 9 സാധാരണക്കാരും ഉള്‍പ്പെടുന്നു. 75 ലധികം പേര്‍ക്കാണ് പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റത്.
അതേസമയം പാക് സൈന്യം നടത്തുന്ന നിരന്തര ആക്രമണങ്ങള്‍ ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റം എളുപ്പമാക്കാന്‍ വേണ്ടിയാണെന്ന് രഹസ്യ വിവരമുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ ശക്തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.