കേരള ബ്ലാസ്റ്റേഴ്‌സിന്റെ 13-മന്‍,കമന്ററിയാശാന്‍ ഷൈജു ദാമോദരനിന്ന് ഐഎസ്എല്‍ കമന്ററി ബോക്സില്‍ ഇരുന്നൂറാം മത്സരം

ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതെന്നു ചോദിച്ചാല്‍ അത് കേരള ബ്ലാസ്റ്റേഴ്സാണെന്ന് സംശയമേതുമില്ലാതെ പറയാം.എന്നാല്‍ ഈ സീസണില്‍ തിരിച്ചടികളില്‍ ബ്ലാസ്റ്റേഴ്സ് ഉഴറുമ്പോഴും ആരാധകര്‍ ടീമിനെ കൈവിട്ടില്ല.കാരണം കേരളത്തിന് ഫുട്‌ബോളെന്നാല്‍ ബ്ലാസ്റ്റേഴ്സാണ്.എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ ആരാധകര്‍ നെഞ്ചിലേറ്റി നടക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്.അത് പക്ഷെ കളിക്കളത്തിലുള്ളയാളല്ല.മൈതാന വരയ്ക്ക് പുറത്ത് നിന്നുള്ളയാളാണ്.

എതിരാളികളുടെ ഗോള്‍ പോസ്റ്റിലേക്ക് ബ്ലാസ്റ്റേഴ്സ് അടിച്ചു കയറ്റുന്ന വെടിച്ചില്ല് ഗോളുകള്‍ക്ക് വെടിക്കെട്ട് കമന്ററി പറഞ്ഞ് ആരാധകരില്‍ ആവേശം വിതറുന്ന ഷൈജു ദാമോദരനെന്ന കമന്റേറ്ററാണത്.ബ്ലാസ്റ്റേഴ്സിനെ ആരാധകരിന്ന് ചങ്കത്തിട്ടുകൊണ്ട് നടക്കുന്നുവെങ്കില്‍ അത് ഈ മനുഷ്യന്റെ കമന്ററി കൂടി കേട്ടിട്ടാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.അങ്ങനെ നാല് ഐഎസ്എല്‍ സീസണുകള്‍ പിന്നിടുമ്പോള്‍ കമന്ററി ബോക്‌സില്‍ 200 മത്സരങ്ങള്‍ തികയ്ക്കുകയാണ് ഈ കമന്ററിയാശാന്‍.

സ്പാനിഷ് ലീഗും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുമൊക്കെ കണ്ട് കയ്യടിച്ചിരുന്നപ്പോഴാണ് ഇന്ത്യയിലെ ഫുട്‌ബോള്‍ വളര്‍ച്ച ലക്ഷ്യമിട്ട് ഐഎസ്എല്‍ വരുന്നത്.ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇതില്‍പ്പരം സന്തോഷം എന്ത് വേണം.ആദ്യ സീസണിലെ 8 ടീമുകളില്‍ കേരളത്തിനും സ്വന്തമായൊരു ടീം ഉണ്ടായപ്പോള്‍ മലയാളികളുടെ സിരകളിലോടുന്ന ഫുട്‌ബോള്‍ സ്‌നേഹം മൈതാനം വരെയൊഴുകി.മൈതാനത്തെത്താന്‍ കഴിയാത്ത ഫുടബോള്‍ സ്‌നേഹികള്‍ ടിവിയുടെ മുന്നില്‍ വട്ടം കൂടിയപ്പോള്‍ അതാ വരുന്നു പച്ച മലയാളത്തില്‍ നല്ല കിടിലന്‍ കമന്ററി.ഒരു ഗോളടിക്കുമ്പോള്‍,അവസരം നഷ്ടപ്പെടുമ്പോള്‍, നമുക്കൊരു റെഡ് കാര്‍ഡ് കിട്ടുമ്പോള്‍ എങ്ങനെയാണോ ഒരു ഫുട്‌ബോള്‍ പ്രേമി പ്രതികരിക്കുന്നത് അത് പോലെയായിരുന്നു ഷൈജുവിന്റെ കമന്ററി.അതില്‍ കളിയൊഴുക്കിന്റെ ആവേശമുണ്ട്.മത്സരം ജയിക്കുമ്പോഴുള്ള ആഹ്ലാദമുണ്ട്.തോല്‍ക്കുമ്പോഴുണ്ടാകുന്ന നിരാശയുണ്ട്.അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഷൈജുവും മലയാള മനസില്‍ ഇടം കണ്ടെത്തി.

എല്ലാ മലയാളികള്‍ക്കും ഫുട്ബാളിനെ ‘ നല്ല രീതിയില്‍ മനസിലാവുന്ന വാക്കുകള്‍ ഉപയോഗിച്ച് പറയുന്ന ഷൈജുവിന്റെ കഴിവ് വീണ്ടും ആരാധകരെ സൃഷ്ട്ടിച്ചുകൊണ്ടേയിരിക്കുന്നു.ആദ്യ സീസണിലെ സെമി ഫൈനലില്‍ മലയാളി താരം സുശാന്ത് മാത്യു നേടിയ കര്‍വിങ് ഗോളിനെ മഴവില്ലിനോടുപമിച്ച ഷൈജു മൂന്നാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഫൈനല്‍ പ്രവേശനത്തെ ‘പൂമരം’ പാട്ടിനോടുപമിച്ചും നാലാം സീസണില്‍’ ഓട് മുബൈ കണ്ടം വഴി’ എന്ന് തുടങ്ങി ‘ഉസാര്‍ക്ക നാരങ്ങ കുസാര്‍ക്ക മുന്തിങ്ങ വരെയെത്തി നില്‍ക്കുന്നു.

ആരാധകരില്‍, കളത്തിലെ പോരാട്ടത്തിലൂടെയല്ലാതെ കമന്ററിയിലൂടെ ആവേശം വിതറുന്ന ഷിജു ദാമോദരന്‍ ഇന്ന് ( 2018 Feb 9 ) ഐ എസ് എല്‍ കമന്‍ട്രി ബോക്‌സില്‍ 200 മത്സരങ്ങള്‍ തികയ്ക്കുകയാണ്.ആദ്യ മത്സരം മുതലുള്ള ആവേശം തന്നെയാണ് ഷൈജുവിന് ഇപ്പോഴും മത്സരം തുടങ്ങുമ്പോഴുള്ളത്.കേരള ടീമിന്റെ 13മനായ കമന്ററിയാശാന്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ആരാധക മനസ്സുകളിലേക്ക് ട്രിബില്‍ ചെയ്തു മുന്നേറുക തന്നെ ചെയ്യുകയാണിപ്പോഴും.ആരാധകര്‍ ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം തന്നെ തങ്ങളുടെ ടീമിന്റെ പതിമൂന്നാമനായി ഒരു കമന്റേറ്ററെ കൂടെക്കൂട്ടുന്നുവെങ്കില്‍, ഷൈജു ബ്ലാസ്റ്റേഴ്സിന് എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഷൈജുവിന്റെ 200 ലേക്കുള്ള നാള്‍വഴി

സീസണ്‍ -1 ല്‍ 47 – സീസണ്‍ 2 ല്‍ 61 –
സീസണ്‍ 3 ല്‍ 46 – സീസണ്‍ 4 ല്‍ ഇതുവരെ 46 *