നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ തുറുപ്പ് ചീട്ടിനെ കളത്തിലിറക്കാനൊരുങ്ങി ദക്ഷിണാഫ്രിക്ക
ജോഹ്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും തോറ്റ നാണക്കേടില്‍ നിന്ന് കരകയറാനൊരുങ്ങി ദക്ഷിണാഫ്രിക്ക.ഇന്ത്യയുടെ യുവ സ്പിന്നര്മാരായ ചാഹലിന്റെയും,ഹുല്‍ദീപിന്റെയും ബൗളിംഗ് പ്രകടനത്തിന് മുന്നില്‍ മുട്ടിടിച്ചു നില്‍ക്കുന്ന ദക്ഷിണാഫ്രിക്ക ഒടുവില്‍ തങ്ങളുടെ തുറുപ്പ് ചീട്ടിനെ തന്നെ കളത്തിലിറക്കുകയാണ്. അവസാന മൂന്ന് ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പരിക്കേറ്റ് പുറത്തിരുന്ന എബി ഡിവില്ലിയേഴ്‌സിനെ തിരികെ ടീമിലെത്തിച്ചിരിക്കുകയാണ്.പരിക്കുമൂലം ഡിവില്ലിയേഴ്‌സ് പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ കളിച്ചിരുന്നില്ല.
ഹാഷിം അംല, ജെ.പി.ഡൂമിനി, ഡേവിഡ് മില്ലര്‍ എന്നിവര്‍ക്കൊപ്പം ഡിവില്ലിയേഴ്‌സ് കൂടി എത്തുന്നതോടെ മധ്യനിര ശക്തിപ്പെടുത്താനാകുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കാന്‍ ബുദ്ധിമുട്ടുന്ന ദക്ഷിണാഫ്രിക്കക്കയ്ക്ക് സ്പിന്നിനെതിരെ നന്നായി കളിക്കുന്ന ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവ് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
മൂന്നാം ഏകദിനത്തില്‍ കളിക്കാതിരുന്ന മോണി മോര്‍ക്കലും നാലാം ഏകദിനത്തില്‍ കളിക്കുമെന്നാണ് കരുതുന്നത്. ഇമ്രാന്‍ താഹിറും ടാബ്രൈസ് ഷംസിയും തിളങ്ങാത്ത സാഹചര്യത്തില്‍ ബെഹാര്‍ദ്ദീനെ അന്തിമ ഇലവനില്‍ കളിപ്പിക്കുന്ന കാര്യവും ദക്ഷിണാഫ്രിക്ക ആലോചിക്കുന്നുണ്ട്.