കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന്റെ പ്രചാരണ പരിപാടികള്‍ക്ക് രാഹുല്‍ ഇന്ന് തുടക്കമിടും; രൂക്ഷ പരിഹാസവുമായി ബിജെപി

ബെംഗളുരു:രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രചാരണത്തിനു ബെല്ലാരിയില്‍ രാഹുല്‍ ഇന്നു തുടക്കമിടും.നാലു ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്കു ഹൊസ്‌പേട്ടില്‍ നടക്കുന്ന കൂറ്റന്‍ റാലിയോടെയാണു തുടക്കമാവുക.

ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചരണ തന്ത്രത്തിന്റെ ചുവടുപിടിച്ച് കര്‍ണാടകയിലും ക്ഷേത്രങ്ങളും മഠങ്ങളും ദര്‍ഗകളും രാഹുല്‍ സന്ദര്‍ശിക്കും. കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തും. കര്‍ണാടകയില്‍ ഭരണ തുടര്‍ച്ചയാവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന് രാഹുലിന്റെ സന്ദര്‍ശനം ഏറെ സഹായകരമാകുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന നേതൃത്വം.

അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായികര്‍ണാടകയിലെത്തുന്ന രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു ബി.ജെ.പി രംഗത്തെത്തി. ‘തിരഞ്ഞെടുപ്പ് ഹിന്ദു’വിനു ബെല്ലാരിയിലേക്കു സ്വാഗതം എന്നാണു സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസ് മുക്ത കര്‍ണാടക എന്ന തങ്ങളുടെ സ്വപ്നം രാഹുല്‍ തന്നെ നിറവേറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും മികച്ച വിജയം നേടാന്‍ ബിജെപിയും കച്ചമുറുക്കിയാണ് പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മഹാദായി നദീജല തര്‍ക്കം, ലിംഗായത്ത് മതരൂപീകരണവാദം, കര്‍ഷക ആത്മഹത്യകള്‍, കന്നഡഭാഷാ വാദം തുടങ്ങി വിഷയങ്ങള്‍ പലതാണ്. സിദ്ധരാമയ്യ സര്‍ക്കാര്‍ നടപ്പാക്കിയ ജനപ്രിയ പദ്ധതികള്‍ വോട്ടാക്കി മാറ്റി ഭരണത്തില്‍ തുടരാമെന്ന് പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ് പാളയം. ഗുജറാത്തില്‍ നേരിട്ട വെല്ലുവിളിക്കു കര്‍ണാടകയില്‍ കണക്കുതീര്‍ക്കാനുള്ള വാശിയിലാണു ബിജെപി.