പെണ്‍കുട്ടികള്‍ക്ക് ഇടയിലെ ലഹരി ഉപയോഗം ഭയപ്പെടുത്തുന്നത് എന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

പനാജി : ഗോവയിലെ കോളേജുകളില്‍ ലഹരി പിടിമുറുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം നേരത്തെ ഉണ്ടായിരുന്നതാണ് എന്നാല്‍ ഇപ്പോഴായി പെണ്‍കുട്ടികള്‍ മദ്യം ഉപയോഗിക്കുന്നത് ഭയക്കേണ്ട സാഹചര്യം തന്നെയാണെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞു. സംസ്ഥാന് യൂത്ത് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന സമയമാണ് പരീക്കര്‍ ഇത്തരത്തില്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.’പെണ്‍കുട്ടികള്‍ വരെ ബിയര്‍ കഴിക്കുന്നുവെന്നത് എന്നെ ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. സഹിക്കാവുന്നതിന്റെ എല്ലാ അതിരും കടന്നിരിക്കുന്നു’, ‘ഞാന്‍ പറയുന്നത് എല്ലാവരെ കുറിച്ചുമല്ല. ഇവിടെ ഇരിക്കുന്നവരെ കുറിച്ചുമല്ല ഞാന്‍ പറയുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ഐ ഐ ടിയില്‍ പഠിച്ച് കൊണ്ടിരുന്ന സമയത്ത് ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ലഹരി ഉപയോഗത്തിന്റെ അളവ് വളരെ കുറഞ്ഞ തോതില്‍ മാത്രമായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ വളരെ വ്യാപകമായ രീതിയില്‍ പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗോവയിലെ മയക്കു മരുന്നു മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോലിചെയ്യാനുള്ള യുവാക്കളുടെ മടിയാണ് ഗോവയിലെ തൊഴിലില്ലായ്മയ്ക്ക് പിന്നിലെന്നും ഗോവയിലെ ചെറുപ്പക്കാര്‍ അധ്വാന ശീലരല്ലെന്നും പരീക്കര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിഭാരമില്ലെന്നാണ് യുവതലമുറ ചിന്തിക്കുന്നത്. എല്‍ഡി ക്ലര്‍ക്ക് ജോലിക്കായുള്ള നീണ്ട ക്യൂ അധ്വാനിക്കാന്‍ തയ്യാറല്ലാത്ത യുവതയ്ക്കുള്ള തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. കുട്ടികളെ കര്‍ശനമായി നിയന്ത്രിക്കുന്നത് മാത്രമേ അവരെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കൂവെന്നും പരീക്കര്‍ പറഞ്ഞു.