പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പലസ്തീന്‍റെ പരമോന്നത ബഹുമതി

നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലസ്തീനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ വരവേല്‍പ്പ്. വിമാനത്താവളത്തില്‍ നിന്നും പാലസ്തീന്‍ നേതാവും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവുമായിരുന്ന യാസര്‍ അറാഫത്തിന്റെ സ്മൃതി കുടീരത്തിലെത്തി പുഷ്പ ചക്രം അര്‍പ്പിച്ചു. അറാഫത്തുമായി ബന്ധപ്പെട്ട മ്യൂസിയം സന്ദര്‍ശത്തിന് ശേഷം പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഉഭയ കക്ഷി ചര്‍ച്ചയും നടന്നു. സന്ദര്‍ശത്തിന്റെ ഭാഗമായി ഏകദേശം അഞ്ചോളം കരാറുകളാണ് ഇന്ത്യയും പലസ്തീനും ഒപ്പുവെക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളുമായെല്ലാം ബന്ധപ്പെട്ട് കരാര്‍ ഒപ്പിടും.

പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. മൂന്ന് മണക്കൂര്‍ മാത്രമാണ് പ്രധാനമന്ത്രി പലസ്തീനിലുണ്ടാവുക. അതേസമയം നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നല്‍കി പലസ്തീന്‍ ആദരിക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളിലെ രാജാക്കന്‍മാര്‍ക്കും ഭരണത്തലവന്‍മാര്‍ക്കും നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്റ് കോളറാണ് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് സമ്മാനിച്ചത്. ഇന്ത്യയും പലസ്തീനും തമ്മിലുള്ള ചരിത്രപരമായ ബന്ധം നിലനിര്‍ത്തുന്നതിന് മോദി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി പലസ്തീന്‍ വ്യക്തമാക്കി. ഇതിന് മുമ്പ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, ബഹ്‌റൈന്‍ രാജാവ് ഹമദ്, ചൈനീസ് പ്രസിഡന്റ സി ജിങ് പിങ് എന്നിവര്‍ക്കാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. നരേന്ദ്രമോദിയും മഹ്മൂദ് അബ്ബാസും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബഹുമതി കൈമാറിയത്.