മണലും മണ്ണും ഒലിച്ചുപോയി,ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങള്‍ അപകടാവസ്ഥയില്‍;കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍

ഷൊര്‍ണൂര്‍:ഷൊര്‍ണൂരില്‍ ഭാരതപ്പുഴക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങള്‍ അപകടത്തില്‍. ക്രമാതീതമായ തോതില്‍ പാലത്തിനടിയിലെ മണലും മണ്ണും ഒലിച്ചുപോയതോടെയാണ് പാലങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലായത്.മണ്ണും മണലും ഒലിച്ചു പോയതോടെ റെയില്‍ പാലങ്ങളുടെ തൂണുകളുടെ ഏറ്റവും അടിഭാഗത്തെ പില്ലറുകള്‍ മൂന്ന്-നാലടി ഉയരത്തില്‍ തറനിരപ്പില്‍ നിന്നും പുറത്ത് കാണുന്ന സ്ഥിതിയിലാണിപ്പോഴുള്ളത്. ‘

അനിയന്ത്രിതമായ മണല്‍ വാരല്‍ മൂലം പാലങ്ങളുടെ തൂണുകളുടെ അടിയില്‍ നിന്നും മീറ്ററുകളോളം താഴ്ച്ചയില്‍ മണലും മണ്ണും പോയിരുന്നു.അതുകൊണ്ടുതന്നെ തൂണുകളുടെ അടിത്തറ ഭാഗം പുറത്ത് കാണാന്‍ തുടങ്ങി.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ പ്രശ്‌നം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതേ തുടര്‍ന്ന് തറനിരപ്പില്‍ നിന്നും പുറത്തായ പില്ലറുകള്‍ കാണാത്ത തരത്തില്‍ റെയില്‍വെ അധികൃതര്‍ കരിങ്കല്ലും മറ്റും പാകി തറക്ക് ബലമേകിയിരുന്നു. എന്നാലിപ്പോള്‍ ഇവയും ഒലിച്ചുപോയ സ്ഥിതിയാണുള്ളത്.ഇതോടെ തറക്ക് വീണ്ടും ബലക്ഷയം സംഭവിച്ചിട്ടുണ്ട്.എന്നാല്‍ തൂണുകളുടെ പില്ലറുകള്‍ കാണുന്നത് വലിയ പ്രശ്‌നമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ദിവസവും നിരവധി ഭീര്‍ഘദൂര ട്രെയിനുകളാണ് ഈ രണ്ട് പാലങ്ങളിലൂടെയും കടന്നു പോകുന്നത്. ബൈപാസ് ലൈനില്‍ കൂടി കടന്നു പോകുന്ന ട്രെയിനുകള്‍ അതിവേഗതയിലുമാണ് കടന്നു പോകുന്നത്. ഈയിടെ റെയില്‍വെ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ തൂണുകളുടെ ബലത്തെക്കുറിച്ച് അപ്പോഴും അധികൃതര്‍ ശ്രദ്ധിച്ചില്ല.

പാലങ്ങളുടെ കിലോമീറ്റര്‍ ദൂരത്ത് നിന്ന് മാത്രമാണ് മണലെടുക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയുണ്ടെങ്കിലും ഈ പാലങ്ങളുടെ തൊട്ടടുത്ത് നിന്നാണ് അനധികൃതമായി തന്നെ മണല്‍ കയറ്റിപ്പോയിരുന്നത്. അനധികൃത മണല്‍ കടത്തുകൂടിയായപ്പോള്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയും ചെയ്തു.