കിട്ടാക്കടം വര്‍ധിക്കുന്നു ; നഷ്‌ടത്തിന്റെ പടുകുഴിയിലേക്ക് എസ്.ബി.ഐ

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കനത്ത നഷ്‌ടത്തിലെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‍‍. 2017-18 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍)2416 കോടിയുടെ നഷ്‌ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ 2,059 കോടിയുടെ ലാഭമുണ്ടാക്കുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ട ഇടത്താണ് കനത്ത നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. കിട്ടാക്കടം വന്‍തോതില്‍ പെരുകുന്നതാണ് ഇത്ര വലിയ നഷ്‌ടത്തിന് കാരണമാകുന്നത്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള പാദത്തില്‍ 5.43 ശതമാനമായിരുന്നു ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയെങ്കില്‍ ഡിസംബര്‍ അവസാനത്തോടെ ഇത് 5.61 ശതമാനമായി ഉയര്‍ന്നു.

2016-17 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 2610 കോടിയായിരുന്നു എസ്.ബി.ഐയുടെ ലാഭം. ഇതാണ് 2416 കോടി നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയത്. കടപ്പത്രങ്ങളുടെ പലിശച്ചെലവ് കൂടിയതാണ് നഷ്‌ടത്തിന് കാരണമായതെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ പറയുന്നു. മൂന്നാം പാദത്തിലെ പലിശ വരുമാനം 18,687.52 കോടിയാണ്. ഇത് നേരത്തെയുണ്ടായിരുന്ന വരുമാനത്തെ അപേക്ഷിച്ച് 5.17 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 26.51 ലക്ഷം കോടിയുടെ നിക്ഷേപങ്ങളുണ്ടായി. ചെറുകിട വായ്പകള്‍ 13.59 ശതമാനവും കാര്‍ഷിക ലോണുകളില്‍ 5.88 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തി.