ജമ്മു കാശ്മീരിലെ സൈനിക ക്യാംപില്‍ ഭീകരാക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു; പെണ്‍കുട്ടി ഉള്‍പ്പെടെ 3 പേര്‍ക്കു പരുക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലസുഞ്ച്വാന്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം.ഇന്ന് പുലര്‍ച്ചയോടെ സുഞ്ച്വാന്‍ സൈനിക ക്യാമ്പിനുള്ളിലെ ക്വാര്‍ട്ടേഴ്സിലാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്കേറ്റു. ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 4.55നാണ് ആക്രമണമുണ്ടായത്. സൈനിക ക്യാമ്പിലെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴിന് നേരെ ഭീകരവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.

നിരവധി സ്‌കൂളുകളും ക്വാര്‍ട്ടേഴ്സുകളും പ്രവര്‍ത്തിക്കുന്ന സൈനിക ക്യാമ്പ് ഏക്കറുകണക്കിന് സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നതാണ്. ക്വാര്‍ട്ടേഴ്സിനുളളില്‍ പ്രവേശിച്ച ഭീകരവാദികളെ സൈന്യം വളഞ്ഞിട്ടുണ്ട്. ഇതേ സ്ഥലതത് പത്ത് വര്‍ഷം മുമ്പുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എത്ര ഭീകരര്‍ ക്യാമ്പിനുള്ളില്‍ കടന്നിട്ടുണ്ടെന്നും എങ്ങനെയാണ് അവര്‍ പ്രവേശിച്ചതെന്നും വ്യക്തമല്ല.