അയാള്‍ തന്‍റെ ശരീരത്തിന് വില പറഞ്ഞു എന്ന് അമലാ പോള്‍ ; പിന്തുണയുമായി തമിഴ് സിനിമാ ലോകം

ചെന്നൈ : നടി അമലാ പോളിനോട് അശ്ലീലപരമായി സംസാരിച്ചതിന് ചെന്നയിലെ ഒരു പ്രമുഖ വ്യവസായി പോലീസ് പിടിയിലായിരുന്നു. വിദേശത്ത് നടക്കുന്ന ഒരു പരിപാടിയുടെ ഭാഗമായി ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ നൃത്ത പരിശീലനത്തിനിടെയാണ് സംഭവം നടന്നത്. തുടര്‍ന്ന് നടി പോലീസില്‍ പരാതി നല്‍കുകയും ചെന്നയിലെ വ്യവസായിയായ അഴകേശന്‍ എന്നയാള്‍ പിടിയിലാവുകയും ചെയ്തിരുന്നു. നടിയുടെ പ്രവര്‍ത്തി തമിഴ് സിനിമാ ലോകത്തെ ഏവരും ഏറെ പ്രശംസിച്ചിരുന്നു. നിരവധിയാളുകളാണ് അമലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. തമിഴ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍ അമലയ്ക്ക് അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അമലയുടെ ധൈര്യത്തിന് അഭിവാദ്യങ്ങളുണ്ടെന്നും കൃത്യമായി നടപടി സ്വീകരിച്ച പോലീസിന് നന്ദിയുണ്ടെന്നും വിശാല്‍ ടീറ്റ് ചെയ്തിരുന്നു. ഇതിനു മറുപടിയായി ” എനിക്കൊപ്പം നില്‍ക്കുന്നതിനും ഈ പോരാട്ടത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ലെന്ന് ഉറപ്പ് വരുത്തിയതിനും നന്ദി. ഇത് എല്ലാ സ്ത്രീകളുടെയും കടമയാണ്. ഇത്തരം സംഭവങ്ങള്‍ വിട്ടുകളയരുത്. നമുക്ക് വേണ്ടി നാം ഉയര്‍ത്തെഴുന്നേല്‍ക്കണം. എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു. അയാളുടെ ചങ്കുറ്റം കണ്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടുപോയി” എന്നാണു അമല തന്‍റെ ട്വിറ്ററില്‍ കുറിച്ചത്.