നെല്‍ പാടം നികത്താന്‍ ശ്രമം ; നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ പ്രതിഷേധവുമായി സിപിഎം

വയല്‍ നികത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‍ പ്രമുഖ സിനിമാ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ പ്രാദേശിക സിപിഎം നേതാക്കള്‍ രംഗത്ത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിച്ച ആന്റണി എറണാകുളം പെരുമ്പാവൂരിലെ ഒരേക്കല്‍ നെല്‍പാടമാണ് നികത്താനുള്ള ശ്രമം നടത്തുന്നത് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലാണ് ഒരേക്കര്‍ സ്ഥലം പാഴ്മരങ്ങള്‍ നട്ട് നികത്താന്‍ ആന്‍ണി പെരുമ്പാവൂര്‍ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച് പ്രദേശവാസികള്‍ ജില്ലാകളക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പാടം നികത്താന്‍ ശ്രമം നടക്കുന്നെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തി.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉത്തരവിട്ടു. എന്നാല്‍ ഈ ഉത്തരവിനെതിരെ ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്‌റ്റേ വാങ്ങി. പരാതിക്കാരുടെയും പ്രദേശവാസികളുടെയും വാദങ്ങള്‍ കേട്ടുതീരും വരെ സ്ഥലത്ത് യാതൊരു പ്രവൃത്തികളും പാടില്ലെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ മൂന്നാഴ്ച്ചത്തേക്ക് യാതൊരു പ്രവൃത്തിയും നടത്തരുതെന്ന കോടതി വിലക്ക് ലംഘിച്ച് സ്ഥലത്ത് ഇപ്പോഴും പണി തുടരുകയാണ്.