മുംബയില്‍ വിമാനങ്ങള്‍ നേര്‍ക്ക് നേര്‍ ; ഒഴിവായത് വന്‍ ദുരന്തം

ആകാശത്തുള്ള കൂട്ടി ഇടിയില്‍ നിന്നും എയര്‍ ഇന്ത്യയുടേയും എയര്‍ വിസ്താരയുടേയും വിമാനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഫെബ്രുവരി ഏഴിനാണ് മുംബൈ വ്യോമപരിധിയില്‍ ഒരു വന്‍ ദുരന്തം തലനാരിഴക്ക് ഒഴിവായത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ മുംബൈ – ഭോപ്പാല്‍ എ.എല്‍ 631 വിമാനവും വിസ്താരയുടെ ഡല്‍ഹി-പുണെ യു.കെ.997 വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. ഏകദേശം നൂറ് അടി മാത്രം വ്യത്യാസത്തില്‍ ഇരുവിമാനങ്ങളും എത്തിയെന്നാണ് വിവരം. വിസ്താര വിമാനത്തോട് 29,000 അടി അകലത്തിലും എയര്‍ ഇന്ത്യ വിമാനത്തോട് 27,000 അടി അകലത്തിലും പറക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.

വിമാനങ്ങള്‍ നൂറ് അടിമാത്രം അകലത്തിലെത്തിയ ഉടന്‍ ട്രാഫിക് കൊളീഷന്‍ അവോയ്ഡന്‍സ് സിസ്റ്റത്തില്‍ അലാം മുഴങ്ങി കോക്പിറ്റുകളില്‍ സിഗ്‌നല്‍ എത്തി. തുടര്‍ന്ന് പൈലറ്റുമാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തി വന്‍ദുരന്തത്തില്‍ നിന്ന് വിമാനങ്ങള്‍ വഴിമാറ്റുകയായിരുന്നു. മുംബൈയില്‍ ഇത് രണ്ടാം തവണയാണ് വിമാനങ്ങള്‍ നേര്‍ക്കു നേര്‍ വന്ന സംഭവമുണ്ടാകുന്നത്. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ വിസ്താരയുടെ രണ്ടു പൈലറ്റുമാരോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പൈലറ്റുമാര്‍ ദൂരപരിധി ലംഘിച്ചിട്ടില്ലെന്നാണ് വിസ്താര എയര്‍ലൈന്‍സിന്റെ വാദം. എതിര്‍ദിശകളില്‍ നിന്നുള്ള രണ്ടു വിമാനങ്ങള്‍ ഇത്രയടുത്തെത്തുന്നത് ഇന്ത്യന്‍ വ്യോമപാതയില്‍ സമീപകാലത്ത് ഇതാദ്യമായിട്ടാണ്.