പള്‍സര്‍ സുനിക്ക് വേണ്ടി പോലീസുകാരുടെ മീന്‍കറി മോഷ്ട്ടിച്ച സഹതടവുകാരന് പിടിയില്‍
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്ക് കഴിക്കാന്‍ പോലീസുകാരുടെ ഭക്ഷണം അടിച്ചുമാറ്റിയ സഹതടവുകാരന് പോലീസ് പിടിയില്‍. ജയില്‍ ഉദ്യോഗസ്ഥര്‍ക്കായി തയ്യാറാക്കുന്ന വിഭവങ്ങളാണ് പള്‍സര്‍ സുനിയ്ക്കായി ഇയാള്‍ അടിച്ച് മാറ്റിക്കൊണ്ടിരുന്നത്. ഹഷീഷ് കടത്തു കേസിലെ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇയാള്‍ക്ക് ജയില്‍ അടുക്കളയില്‍ ചുമതലയുണ്ടായിരുന്നു. മീന്‍കറി തയ്യാറാക്കുമ്പോള്‍ പുഴുങ്ങിയ മീനും കറി വേറെയുമായിയാണ് തടവുകാര്‍ക്ക് തയ്യാറാക്കുന്നത്. മീന്‍ കഷ്ണം ഉടഞ്ഞു പോയിയെന്ന് പരാതി ഉയരാതിരിക്കാനാണ് ഈ രീതി. എന്നാല്‍ ഉദ്യേഗസ്ഥര്‍ക്ക് സാധാരണ രീതിയിലുള്ള മീന്‍ കറിയും. ഈ മീന്‍ കറി കൈമാറ്റമാണ് ഉദ്യോഗസ്ഥര്‍ പൊളിച്ചത്.
അടുക്കളയ്ക്ക് പിന്നിലായിരുന്നു സുനിയുടെ സെല്‍. തടവുകാര്‍ക്ക് വഴി വിട്ട സൗകര്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ജയിലില്‍ തര്‍ക്കങ്ങള്‍ പതിവാണ്. വഴിവിട്ട രീതിയിലുള്ള സഹായം പിടിയിലായതോടെ ഇയാളെ അടുക്കള ചുമതലയില്‍ നിന്ന് മാറ്റി. തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരേ അടുക്കളയിലാണ് പാചകമെങ്കിലും പാചക രീതി വ്യത്യസ്തമാണ്. അതേസമയം ജയിലില്‍ പള്‍സര്‍ സുനിയ്ക്ക് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായിരിക്കുമ്പോളാണ് സുനിയുടെ സുഹൃത്ത് പിടിയിലാകുന്നത്.